അഫ്ഗാനിലേക്ക് പോകൂ, അവിടെ പെട്രോളിന് വില കുറവാണ്: ബി.ജെ.പി നേതാവ്

Saturday 21 August 2021 12:13 AM IST

ഭോപ്പാൽ: രാജ്യത്തെ ഇന്ധന വിലവർദ്ധനയിൽ പ്രതികരണം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോകൂ എന്നുപറഞ്ഞ് മദ്ധ്യപ്രദേശിലെ ബി.ജെ.പി നേതാവ്. കത്നിയിലെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ രാംരതൻ പായലാണ് മാദ്ധ്യമപ്രവർത്തകനോട് തട്ടിക്കയറിയത്.

'അഫ്ഗാനിസ്ഥാനിലേക്ക് പോകൂ, അവിടെ പെട്രോൾ ലിറ്ററിന് അമ്പതു രൂപയാണ് വില. അവിടെ പോയി പെട്രോൾ നിറയ്ക്കൂ. പക്ഷേ, അവിടയത് ചെയ്യാനാരുമില്ല. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വമെങ്കിലും ഉണ്ട്.' -രാംരതൻ പറഞ്ഞു. യുവമോർച്ച സംഘടിപ്പിച്ച മരം നടൽ ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാംരതൻ.

മാസ്‌ക് ധരിക്കാതെ നിന്ന നേതാവ് രാജ്യത്തെ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. രാംരത്തനൊപ്പം നിന്നിരുന്ന അണികളും മാസ്‌ക് ധരിച്ചിരുന്നില്ല.

'കൊവിഡ് മൂന്നാം തരംഗം വരാനിരിക്കുകയാണ്. നിങ്ങൾ ഒരു മാദ്ധ്യമപ്രവർത്തകനല്ലേ, രാജ്യത്തെ സാഹചര്യം മനസിലാക്കാനാകില്ലേ. പ്രധാനമന്ത്രി പ്രതിസന്ധിയെ തരണം ചെയ്യുന്നത് എങ്ങനെയാണ്. 80 കോടി ജനങ്ങൾക്ക് മോദി ഇപ്പോഴും റേഷൻ നൽകുന്നുണ്ട്.'- രാംരതൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ബീഹാറിലെ ബി.ജെ.പി നേതാവ് ഹരിഭൂഷൺ ഠാക്കൂറും ഇന്ത്യയിൽ ജീവിക്കാൻ ഭയമുളളവർക്ക് അഫ്ഗാനിലേക്ക് പോകാമെന്ന് പറഞ്ഞിരുന്നു. പെട്രോളിനും ഡീസലിനും അഫ്ഗാനിൽ വില കുറവാണെന്നു പറഞ്ഞ അദ്ദേഹം അവിടെ ഒരിക്കൽ കഴിഞ്ഞാലേ ഇന്ത്യയുടെ വില മനസിലാകൂ എന്നും അഭിപ്രായപ്പെട്ടിരുന്നു.

Advertisement
Advertisement