ഭയന്നുവിറച്ച് അഫ്ഗാൻ ജനത: വ്യാപക തെരച്ചിൽ, വെടിവയ്പ്

Saturday 21 August 2021 12:00 AM IST

കാബൂൾ: സകലർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച്, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി, 'പുതിയ മുഖവുമായി' അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ, അമേരിക്കൻ സൈന‌്യത്തെ സഹായിച്ചവരെയും മാദ്ധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് വധിക്കുന്നതായി റിപ്പോർട്ട്.

അഫ്ഗാൻ സർക്കാരുമായും യു.എസ് നാറ്റോ സേനയുമായും ചേർന്ന് പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കാൻ താലിബാൻ ഭീകരർ വീടുകൾ കയറിയിറങ്ങി പരിശോധിക്കുകയാണ്. ഇങ്ങനെയുള്ളവരെയും കുടുംബത്തെയും ശരീഅത്ത് നിയമപ്രകാരം ശിക്ഷിക്കാനാണ് നീക്കം.

താലിബാന്റെ കരിമ്പട്ടികയിൽപ്പെട്ടവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കാനിടയുണ്ടെന്ന് യു.എസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്തെത്തി.
മാദ്ധ്യമ പ്രവർത്തകരെ

തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഭീകരർ. ജർമ്മൻ ടെലിവിഷൻ സ്ഥാപനമായ ഡ്യൂഷേ വെല്ലെയുടെ എഡിറ്ററെ തെരഞ്ഞെത്തിയ താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഡി.ഡബ്ല്യുവിന്റെ മൂന്ന് മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും താലിബാൻ പരിശോധന നടത്തി. നേരത്തെ അഫ്ഗാൻ റേഡിയോ സ്റ്റേഷൻമാസ്റ്ററെ വെടിവച്ചുകൊലപ്പെടുത്തുകയും മാദ്ധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

അഫ്ഗാനിലെ പുരാതന ന്യൂനപക്ഷമായ ഹസാര വിഭാഗത്തിൽപ്പെട്ട 9 പേരെ താലിബാൻ ക്രൂരമായി പീഡിപ്പിച്ച് വെടിവച്ച് കൊലപ്പെടുത്തിയതായി ആംനെസ്റ്റി ഇന്റർനാഷണൽ വെളിപ്പെടുത്തി.

ഇന്നലെ കാബൂൾ വിമാനത്താവളത്തിൽ ജർമ്മൻ പൗരനെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

160ഓളം അഫ്ഗാനികളെ ഇന്നലെ ഒഴിപ്പിച്ചതായി ആസ്ട്രേലിയ വ്യക്തമാക്കി.

ശക്തിയാർജ്ജിച്ച് പ്രതിഷേധം

താലിബാനെതിരായ പ്രതിഷേധം കാബൂൾ ഉൾപ്പെടെയുള്ള പ്രവിശ്യകളിലേക്ക് വ്യാപിച്ചു. ജനങ്ങൾ ഭീകരതയ്ക്കെതിരെ മുദ്രാവാക്യവുമായി തെരുവിലേക്കിറങ്ങി. അഫ്ഗാന്റെ ദേശീയ പതാക പലയിടത്തും ഉയർന്നു. ഇന്നലെ, താലിബാൻ അധികാരം പിടിച്ചെടുത്തശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ 'ഐക്യത്തിനായി ആഹ്വാനം' ചെയ്യാൻ ഇമാമുകളോട് ഭീകരർ ആവശ്യപ്പെട്ടു. അതേസമയം, അഫ്ഗാനിലേക്കുള്ള എല്ലാ ആയുധ ഇടപാടുകളും നിറുത്തിവയ്ക്കാൻ അമേരിക്ക നിർദ്ദേശിച്ചു. അന്താരാഷ്ട്ര നാണയ നിധി അഫ്ഗാനുമായുള്ള എല്ലാ ഫണ്ട് കൈമാറ്റവും മരവിപ്പിച്ചു.

അഫ്ഗാനിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം : യുനെസ്‌കോ

അഫ്ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുനെസ്കോ. രാജ്യത്ത് അധികാരം പിടിച്ചെടുത്തശേഷം ഹസാര നേതാവ് അബ്ദുൾ അലി മസാരിയുടെ പ്രതിമ താലിബാൻ തകർത്തെന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്നാണ് യുനെസ്‌കോയുടെ പ്രസ്താവന.സാംസ്‌കാരിക പൈതൃങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും ഇത് രാജ്യത്തെ സമാധാനപൂർണമായ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും യുനെസ്‌കോ അഭിപ്രായപ്പെട്ടു.

താലിബാൻ ഭീകരരെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

താലിബാൻ ഭീകരരെ പ്രശംസിച്ച് വിവാദത്തിലായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയിരം വർഷമായി പോരാടുകയായിരുന്ന താലിബാൻ പോരാളികൾ സാമർത്ഥ്യമുള്ളവരാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അഫ്ഗാൻ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ജോ ബൈഡനാണെന്ന് ട്രംപ് ആരോപിച്ചു. അഫ്ഗാൻ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ആണ്. തന്റെ ഭരണകാലത്ത് അഫ്ഗാൻ സർക്കാരിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്മാറിയ രീതിയാണ് തെറ്റായതെന്നും ട്രംപ് കൂട്ടിച്ചേർത്തു. താലിബാനെ പുകഴ്ത്തി സംസാരിച്ച ട്രംപിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയത്.

Advertisement
Advertisement