ആറ് മാസം കൊണ്ട് എറ്റ്ന വളർന്നത് 100 അടി

Saturday 21 August 2021 2:39 AM IST

റോം : ഇറ്റലിയിലെ ഏറ്റവും പ്രശസ്തവും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതങ്ങളിൽ ഒന്നുമായ മൗണ്ട് എറ്റ്നയ്ക്ക് കഴിഞ്ഞ ആറ് മാസം കൊണ്ട് കൂടിയത് 100 അടി ഉയരം.! സിസിലിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതമായ എറ്റ്നയിൽ നിന്ന് ഇപ്പോൾ തുടർച്ചയായി ലാവയും പുകയും വമിക്കുന്നുണ്ട്. എറ്റ്നയിലെ ലാവാ പ്രവാഹം പ്രക്ഷുബ്ദമായതാണ് ഉയരം കൂടാൻ കാരണമെന്ന് ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിയോഫിസിക്സ് ആൻഡ് വോൽക്കാനോളജി ഉപഗ്രഹ ചിത്രങ്ങളിലൂടെ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 16 മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കുറഞ്ഞത് അമ്പത് പൊട്ടിത്തെറികളെങ്കിലും എറ്റ്നയിൽ സംഭവിച്ചിട്ടുണ്ട്. എറ്റ്നയ്ക്ക് സമീപം ജനവാസമില്ലാത്തതിനാൽ വൻ നാശനഷ്ടങ്ങൾ ഇല്ലെങ്കിലും ഇറ്റലിയുടെ കാലാവസ്ഥയെ എറ്റ്ന പുറംതള്ളുന്ന ലാവയും പുകയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.എറ്റ്നയിൽ നിന്നുള്ള ചാരം സിസിലിയിലെ ജനവാസമേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. വൻ തോതിൽ വന്നടിയുന്ന ചാരവും പൊടിപടലങ്ങളും നീക്കം ചെയ്യുന്നത് തന്നെ ലക്ഷക്കണക്കിന് യൂറോയാണ് ചെലവ് വരുന്നത്. എറ്റ്നയിൽ പൊട്ടിത്തെറി തുടങ്ങിയത് മുതൽ ഏകദേശം 25,000 ടൺ ചാരം സിസിലിയിലെ ജിയാരെയിൽ മാത്രം അടിഞ്ഞുകൂടിയെന്നാണ് റിപ്പോർട്ട്.11,​000 അടിയോളം ഉയരത്തിൽ എറ്റ്നയിൽ നിന്നുള്ള ചാരവും പുകയും വ്യാപിക്കാറുണ്ട്. മൗണ്ട് എറ്റ്നയിൽ കഴിഞ്ഞ 2,000ത്തിലേറെ വർഷങ്ങളായി പൊട്ടിത്തെറികൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 11,014 അടി ഉയരമുള്ള എറ്റ്നയിൽ 2014 മുതൽ സജീവമായി ചെറു പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്.1971ലാണ് എറ്റ്നയിൽ അവസാനമായി ഗുരുതമായ പൊട്ടിത്തെറിയുണ്ടായത്. വൻ കൃഷി നാശമാണ് അന്ന് എറ്റ്നയിൽ നിന്നൊഴുകിയ ലാവ വരുത്തിവച്ചത്. പിന്നീട് 1999ലും സമാന രീതിയിലുണ്ടായ പൊട്ടിത്തെറി കൃഷിയെയും മറ്റും ബാധിച്ചിരുന്നു. എറ്റ്നയെ കൂടാതെ വെസൂവിയസ്, സ്ട്രോംബോളി എന്നിവയും ഇറ്റലിയിലെ തന്നെ സജീവ അഗ്നിപർവതങ്ങളാണ്.

Advertisement
Advertisement