കടലാസിലൊതുങ്ങുന്നു ആദിവാസിദിനാചരണം

Saturday 21 August 2021 1:47 AM IST

ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി ദിനാചരണം നടത്തുന്നത്. അട്ടപ്പാടിയിൽ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ വാ‌ർത്തകളോടെയാണ് ഈ വർഷത്തെ ആദിവാസിദിനം കടന്നുപോയത്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും നമ്മുടെ ഭരണകൂടവും പരിഷ്‌കൃതസമൂഹവും ആദിവാസിജനതയെ ഉൾക്കൊള്ളാനുള്ള മനോനിലയിലേക്ക് ഉയർന്നിട്ടില്ലെന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവം.

അട്ടപ്പാടിയിലെ ഊര് മൂപ്പനെതിരെയും മകൻ വി.എസ് മുരുകനെതിരെയും ഷോളയൂർ പൊലീസിനുണ്ടായിരുന്ന മുൻ വൈരാഗ്യവും ആദിവാസി ഭൂമി കൈയേറുന്ന ഭൂ മാഫിയകളുമായുള്ള ബന്ധവുമാണ് ഭരണകൂട ഭീകരതയ്ക്ക് കാരണം. സംഭവം മാദ്ധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസും പത്ര തലക്കെട്ടുകളുമായതോടെ മനുഷ്യാവകാശ കമ്മിഷനും പിറകെ ബാലാവകാശ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയാകുമ്പോൾ ഇത് ഒരു സംസാര വിഷയം പോലുമല്ലാതായിരിക്കുന്നു. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാതെ അവരുടെ സാമൂഹിക സാംസ്കാരിക ഉന്നമനം സാദ്ധ്യമല്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ ഇടപെടലുണ്ടാകണം.

കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ ഏകദേശം നാലരലക്ഷം പേർ വരും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 1.5 ശതമാനം. ആദിവാസികൾ ഇന്ന് ജീവിക്കുന്നത് അത്യന്തം അരക്ഷിതാവസ്ഥയിലാണ്. അവർക്ക് ഭൂമിയില്ല, വാസയോഗ്യമായ വീടുകളില്ല, മാന്യമായ തൊഴിലും വിദ്യാഭ്യാസവുമില്ല. നവജാത ശിശുമരണം ഏറ്റവും കൂടുതൽ നടക്കുന്നത് ആദിവാസികളുടെ ഇടയിലാണ്. പോഷകാഹാര കുറവാണ് ആദിവാസികൾ നേരിടുന്ന ആരോഗ്യപ്രതിസന്ധിയിൽ പ്രധാനം. പ്രകൃതി ദുരന്തങ്ങളുടെ പ്രാഥമിക ഇരകളും ഇവർ തന്നെയാണ്. ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുമ്പോഴും അവരുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ലെന്നത് ഖേദകരമാണ്. വനത്തിനുള്ളിൽ ജീവിക്കുന്ന ആദിവാസികളെ എങ്ങനെ അവിടെനിന്ന് കുടിയിറക്കാമെന്നാണ് ഭരണകൂടം ആലോചിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകുന്ന ഈ വിഭാഗത്തിന്റെ പ്രശ്‌നം ഒരിക്കലും സർക്കാരിന് ചർച്ചാ വിഷയമല്ല. ജനിച്ച മണ്ണിൽ ഇന്നും അഭയാർത്ഥികളെ പോലെ ജീവിക്കേണ്ട അവസ്ഥയിലാണ് അവർ. പാട്ടക്കാലാവധി കഴിഞ്ഞ അനധികൃതമായ രേഖകളുണ്ടാക്കി കൈവശം വെച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിച്ച് ആദിവാസികൾക്ക് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. അതിന് വനാവകാശ നിയമം കുറ്റമറ്റ രീതിയിൽ കേരളത്തിൽ നടപ്പാക്കണം.

അട്ടിമറിക്കപ്പെടുന്ന വനാവകാശ നിയമം

ആദിവാസികൾക്ക് അവർ കാലങ്ങളായി ജീവിക്കുന്ന മണ്ണിന്റെ അവകാശം പോലും അംഗീകരിച്ചു കൊടുക്കാത്തവരാണ് ഈ പൊതുസമൂഹം. അവരുടെ ഭൂമി അതിക്രമിച്ച് കൈയേറിയവർക്കൊപ്പമാണ് എല്ലായ്പ്പോഴും ഭരണകൂടങ്ങൾ നിലകൊണ്ടിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എത്രയോ പോരാട്ടങ്ങളുടെ ഭാഗമായാണ് ആദിവാസി ജനവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ പരിഗണിക്കാനെങ്കിലും സർക്കാരുകൾ തയാറായത്. അതിന്റെ ഭാഗമായാണ് വനാവകാശ നിയമവും സ്വയംഭരണാവകാശവുമൊക്കെ നിലവിൽ വന്നത്. എന്നാൽ അവയെല്ലാം ഇന്ന് കടലാസിൽ മാത്രമായി ഒതുങ്ങിയെന്നതാണ് വസ്തുത.

നൂറ്റാണ്ടുകളായി ആദിവാസികളും പരമ്പരാഗത വനവാസികളും അനുഭവിക്കുന്ന വിവേചനത്തിനും കാലങ്ങളായി നിലനിൽക്കുന്ന നീതിനിഷേധം തിരുത്താനുമായാണ് 2006 ൽ വനാവകാശ നിയമം നിലവിൽ വന്നത്. അതനുസരിച്ച് വനങ്ങളുടേയും വനവിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗത്തിന്റെയും സംരക്ഷണത്തിന്റെയും അവകാശവും ഉത്തരവാദിത്തവും പട്ടിക ഗോത്രവർഗങ്ങളിലും പരമ്പരാഗത വനവാസികളിലും നിയമപരമായി നിക്ഷിപ്തമാക്കുന്നു. താമസകൃഷി ഭൂമിയിലെ വ്യക്തിഗത അവകാശങ്ങളും സാമൂഹ്യ അവകാശങ്ങളും ഗോത്രങ്ങൾക്കും പരമ്പരാഗത വനവാസികൾക്കും നൽകുന്ന ഈ നിയമം സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നു. മൂന്നു തരത്തിലാണ് ഈ അവകാശം വിഭജിച്ചത്. വ്യക്തിഗത വനാവകാശം, സാമൂഹിക വനാവകാശം, വികസന വനാവകാശം. വനവകാശത്തിനുള്ള അപേക്ഷങ്ങൾ കൊടുക്കേണ്ടത് ഗ്രാമസഭയിലാണ്. എന്നാൽ വനാവകാശം കൊടുക്കുന്നത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ആദിവാസികളെ കാട്ടിൽ നിന്ന് കുടിയൊഴിപ്പിക്കുന്നു

2006 ൽ വനവകാശ നിയമം പാസായതിൻ പ്രകാരം കേരളത്തിലും ഊരുകൂട്ടങ്ങളെ ഗ്രാമസഭകളായി പ്രഖ്യാക്കുകയും വ്യക്തിഗത, സാമൂഹിക അവകാശങ്ങൾ കൊടുക്കുന്നതിനു തുടക്കമിടുകയും ചെയ്തു. എന്നാൽ വളരെ കുറച്ചു മേഖലകളിൽ മാത്രമാണ് ഇത് നടപ്പായത്. വ്യക്തിഗത അവകാശത്തിൽ പത്ത് ഏക്കർ കൊടുക്കാവുന്നിടത്താണ് മലപ്പുറം, പാലക്കാട്, വയനാട് ജില്ലയിൽ വെറും അഞ്ച് സെന്റും മറ്റും കൊടുത്തത്. വയനാട്ടിൽ വനവകാശ നിയമത്തിനു തികച്ചും വിരുദ്ധമായി വനംവകുപ്പാണ് സാമൂഹിക വനവകാശത്തിനുള്ള മാപ്പ് തയാറാക്കിയത്. കൊടുത്തത് വളരെ തുച്ഛം ഭൂമിയാണ്. അട്ടപ്പാടിയിലും ഇതാണ് സംഭവിക്കുന്നത്. എവിടെയും ആവാസ അവകാശം നൽകിയിട്ടില്ല. വനവകാശ നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിനു വിരുദ്ധമായി പണം കൊടുത്തും മറ്റും ആദിവാസികളെ കാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുന്നു.

ഇതുകൂടാതെ ഗ്രാമസഭയിലെ സ്ത്രീകൾ ഉൾപ്പെട്ടവർക്കെതിരെ വനവിഭവം ശേഖരിച്ചു എന്നതിന് പലയിടത്തും കേസുകളെടുത്തു. വനാവകാശ നിയമപ്രകാരം ലഭിച്ച വ്യക്തിഗത വനഭൂമിയിലെ വൃക്ഷങ്ങൾ ആദിവാസികൾക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനോ വിൽക്കാനോ ഉള്ള അനുമതി കൊടുക്കുന്നില്ല. പട്ടികജാതിക്കാരെ പോലെ നാല് സെന്റ് കോളനിയിലേക്ക് ഇവരെയും കുടിയിരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദിവാസികളെ വനം നശിപ്പിക്കുന്നവരായി കാണുന്ന പ്രവണത കേരളത്തിൽ ശക്തമാണ്. അതായിരുന്നു മുത്തങ്ങയിലെ വെടിവെയ്‌പിനു ഒരു കാരണമായത്. എന്നാൽ ആദിവാസികളുടെ പങ്കാളിത്തത്തോടു കൂടിയേ വനം സംരക്ഷിക്കാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് വനം വകുപ്പിന്റെ തന്നെ കീഴിലുള്ള പറമ്പിക്കുളം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രങ്ങളും അതിരപ്പിള്ളിയിലെ വേഴാമ്പൽ സംരക്ഷണവും. ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് വനാവകാശം നടപ്പാക്കുന്ന നടപടിക്കാണ് ആദിവാസി ദിനത്തോടനുബന്ധിച്ച് സർക്കാർ തുടക്കമിടേണ്ടത്.

ആദിവാസിപദ്ധതികളിലെ പാളിച്ചയെന്തെന്ന് പരിശോധിക്കാനും പിഴവ് തീർക്കാനും ഭരണാധികാരികൾ മനസുവയ്‌ക്കണം. സൗജന്യറേഷനും ചികിത്സയും അവരിലെത്തുന്നത് നല്ലതുതന്നെ. എന്നാൽ, അതുകൊണ്ട് മാത്രം ആദിവാസിജനതയുടെ സാമൂഹ്യ ഉന്നമനം യാഥാർത്ഥ്യമാക്കാൻ കഴിയില്ല. പ്രതിബദ്ധതയോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. ആദിവാസികളിൽ ഓരോ വിഭാഗത്തിന്റെയും പ്രത്യേകതകളും മനസിലാക്കണം. അവർക്കിടയിൽ നിയമമെന്തെന്നും എന്തിനെന്നും മനസിലാക്കിക്കൊടുക്കണം. അവരെ ചൂഷണം ചെയ്യാനല്ല, മറ്റുള്ളവർക്കൊപ്പം അറിവും ചിന്തയും ഉള്ളവരാക്കിക്കൊണ്ടുവരാനുള്ള ശ്രമമാണ് ആവശ്യം.

Advertisement
Advertisement