പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ പ്രധാനമന്ത്രി നിർദേശിച്ചെന്ന് സിസോദിയ

Monday 23 August 2021 12:00 AM IST

ന്യൂഡൽഹി: 15 പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യാൻ സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത വർഷം നടക്കുന്ന ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മിയിലെ അടക്കം നേതാക്കൾക്കെതിരെ റെയ്ഡ് നടത്താനും എഫ്.ഐ.ആർ ഫയൽ ചെയ്യാനും മോദി നിർദ്ദേശിച്ചതായി അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി 15 പേരുടെ പട്ടിക സി.ബി.ഐ, ഇ.ഡി, ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയതായി വിശ്വസനീയമായ ഉറവിടങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കി. അസ്താനയാണ് മോദിയുടെ ബ്രഹ്മാസ്ത്രം. പട്ടികയിൽ പേരുള്ള ആളുകൾക്കെതിരെ നീങ്ങാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച കാര്യങ്ങളാണിത്. സത്യസന്ധതയുടെ രാഷ്ട്രീയത്തിലാണ് എ.എ.പി വിശ്വസിക്കുന്നത്. നിങ്ങൾ അന്വേഷണ ഏജൻസികളെ അയച്ചോളൂ. ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത്ര അന്വേഷണങ്ങളും റെയ്ഡുകളും ചെയ്യുക. ഞങ്ങൾ പിന്നോട്ട് പോകില്ല. മികച്ച പ്രവർത്തനവും ജനപ്രീതിയും കാരണം ബി.ജെ.പിക്ക് ഭീഷണി ആയവരുടെ പേരാണ് ലിസ്റ്റിൽ ഉള്ളത് - സിസോദിയ ഡിജിറ്റൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ എ.എ.പി അഴിമതി ആരോപണങ്ങൾ നേരിടുകയാണെന്നും കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കുമെതിരെ ചെളിവാരിയെറിയുകയാണെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

Advertisement
Advertisement