പാഞ്ച്ശീർ പ്രവിശ്യയിൽ ആക്രമണം നടത്താനൊരുങ്ങി താലിബാൻ

Monday 23 August 2021 2:25 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ചുരുക്കം ചില താലിബാൻ വിമുക്ത പ്രദേശങ്ങളിലൊന്നായ പാഞ്ച്ശീർ പ്രവിശ്യയിൽ ആക്രമണം നടത്താനൊരുങ്ങി താലിബാൻ. പ്രദേശം പിടിച്ചടക്കാനായി നൂറുകണക്കിന് താലിബാൻ പോരാളികൾ അവിടേക്ക് യാത്ര തിരിച്ചതായി താലിബാൻ വക്താവ് അറിയിച്ചു. പ്രാദേശിക ഭരണകൂടം കൂഴടങ്ങാൻ വിസമ്മതിച്ചതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അവർ അറിയിച്ചു. താലിബാൻ എല്ലാ ഭാഗത്തുനിന്നും പാഞ്ച്ശീറിനെ വളഞ്ഞുവെന്നും അവർക്ക് അധികകാലം പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ.

പാഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെടുന്ന അഹ്മദ് ഷാ മസൂദ്, അഫ്ഗാനിസ്ഥാന്റെ താൽക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അമറുല്ല സാലിഹ്, ബിസ്മില്ല ഖാൻ മുഹമ്മദി എന്നിവരാണ് പാഞ്ച്ശീരിലെ പ്രതിരോധത്തിന്റെ നേതാക്കൾ. ഇവർ പുൽഇഹെസർ, ദേഹ് സലാഹ്, ബാനു എന്നിവയുടെ നിയന്ത്രണം താലിബാനിൽ നിന്ന് പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

അഹ്മദ് മസൂദ് താലിബാനെതിരായ ചെറുത്തുനിൽപ്പിന് യു.എസിനോട് ആയുധങ്ങൾ നല്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Advertisement
Advertisement