' തോക്ക് ചൂണ്ടി ഭീകരർ; സ്ത്രീകൾ സുരക്ഷിതരല്ല'

Monday 23 August 2021 2:31 AM IST

ന്യൂഡൽഹി: ഒരാഴ്ച കൊണ്ട് ജീവിതമാകെ തലകീഴായി മറിഞ്ഞതിന്റെ ഞെട്ടലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും. ഇന്നലെ ഹിൻഡൻ വ്യോമതാവളത്തിൽ കാബൂളിൽ നിന്നെത്തിയവരുടെ കണ്ണുകളിലെ വികാരമായിരുന്നു അത്. കഷ്‌ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യങ്ങൾ ഉപേക്ഷിച്ച് വന്നവരാണ് ഏറെയും.

ജനാധിപത്യം പുലർന്ന നാളുകളിൽ അഫ്ഗാൻ പുന:നിർമ്മാണത്തിനെത്തിയ യു.എസ് കമ്പനികളിലും മറ്റും നല്ല ശമ്പളത്തിൽ ജോലി ചെയ്ത മലയാളികൾടക്കമുള്ളവരാണ് തിരികെ വന്നവരിൽ കൂടുതലും. ആർക്കും ജോലി നഷ്‌ടമാകില്ലെന്നും സുരക്ഷിതത്വം ഉറപ്പു നൽകുമെന്നും താലിബാൻ ഉറപ്പു പറയുന്നുണ്ടെങ്കിലും, അതു വിശ്വസിക്കാനാകില്ലെന്ന് പറയുന്നു.

താലിബാൻകാർ തെരുവിൽ തോക്കു ചൂണ്ടി ഭീകരാവസ്ഥ സൃഷ്‌ടിക്കുകയാണ്. ഇവർക്കിടയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കും. തങ്ങൾ തങ്ങിയിരുന്ന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്ക് 15മിനിട്ടിന്റെ ദൂരം താണ്ടാൻ മണിക്കൂറുകളെടുത്തെന്ന് സംഘത്തിലെ ഒരു മലയാളി പറഞ്ഞു. തെരുവിൽ പാലായനം ചെയ്യുന്നവരുടെ തിരക്കുണ്ട്. അവരെ വെടി വച്ചും അടിച്ചും ഒാടിക്കുന്ന താലിബാൻകാരെയും കാണാം. റോഡിൽ നിറയെ ബാരിക്കേഡ് വച്ച് തടയുന്നുണ്ട്. പാസ്പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിക്കുന്നു. ഒാരോ പരിശോധനാ കേന്ദ്രത്തിലും ശ്വാസം പിടിച്ചാണ് വാഹനത്തിനുള്ളിലിരുന്നത്. വിമാനത്താവളത്തിലെത്തിയപ്പോൾ ആശ്വാസം. ചിലരെ വിമാനത്താവളത്തിന് തൊട്ടു മുൻപിൽ വച്ച് പിടിച്ചു കൊണ്ടുപോയി. പിന്നീട് വിട്ടയച്ചെന്ന് കേട്ടു. വീട്ടുകാരെ ഫോൺ ചെയ്യാൻ പോലും പേടിയായിരുന്നുവെന്ന് മറ്റൊരു മലയാളി പറഞ്ഞു. മലയാളികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയുണ്ടാക്കിയത് നോർക്ക വഴി പെട്ടെന്ന് നാട്ടിലെത്താൻ വഴി തെളിച്ചു.

.

Advertisement
Advertisement