ജാതി സെൻസസ്: നിതീഷും 11 പാർട്ടി നേതാക്കളും പ്രധാനമന്ത്രിയെ കണ്ടു

Tuesday 24 August 2021 12:14 AM IST

ന്യൂഡൽഹി: രാഷ്‌ട്രീയ വൈര്യം മറന്ന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വിയാദവ് അടക്കം 11 പാർട്ടി നേതാക്കൾ അടങ്ങിയ സർവകക്ഷി സംഘം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ടു.

ബീഹാറിലെ ജനങ്ങളും രാജ്യത്തെ എല്ലാ പൗരൻമാരും ജാതി സെൻസസിനെ അനുകൂലിക്കുന്നുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വിവിധ ക്ഷേമപദ്ധതികളുടെ നേട്ടം ലഭിക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് ബീഹാർ നിയമസഭ രണ്ടു തവണ പ്രമേയം പാസാക്കിയ കാര്യവും മോദിയെ ധരിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി ശ്രദ്ധാപൂർവം കേട്ടെന്നും യുക്തമായ തീരുമാനം കൈക്കൊള്ളാമെന്ന് ഉറപ്പു നൽകിയെന്നും നിതീഷ് പറഞ്ഞു.

മരങ്ങളുടെയും മൃഗങ്ങളുടെയും കണക്കെടുക്കുന്നതിനൊപ്പം മനുഷ്യരുടെ ജാതിതിരിച്ചുള്ള കണക്കുകൾ ശേഖരിക്കാമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ജാതി കണക്കുകൾ മാത്രം ശേഖരിച്ചാൽ മതിയെന്നും ചില വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുമെങ്കിൽ മതപരമായ കണക്കുകൾ ഒഴിവാക്കാം. മതം, പട്ടികജാതി-പട്ടിക വർഗ എന്നിവയ്ക്കുള്ള കോളത്തിനൊപ്പം ജാതി കോളം കൂടി ചേർക്കാം.

ബീഹാർ മന്ത്രിയും ബി.ജെ.പി നേതാവുമായ ജനക് റാമും ജാതി സെൻസസിനെ അനുകൂലിച്ചു. മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോർച്ച (എച്ച്.എ.എം) നേതാവുമായ ജിതൻ റാം മാഞ്ചി, അജയ് കുമാർ (സി.പി.എം), അജീത് ശർമ്മ (കോൺഗ്രസ്) തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

വടക്കെ ഇന്ത്യയിൽ ജാതി സെൻസസിന് അനുകൂലമായി നിരന്തരം ആവശ്യമുയരുന്നുണ്ട്. പാർലമെന്റിൽ വർഷകാല സമ്മേളനത്തിൽ ഒ.ബി.സി ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ മിക്കവരും ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടൻ നടക്കുന്ന സെൻസസിനൊപ്പം പട്ടിക ജാതി, പട്ടിക വിഭാഗങ്ങളുടെ കണക്കല്ലാതെ ജാതി അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

Advertisement
Advertisement