കാബൂളിൽ ദിനവും 4-5 പേർ മരിക്കുന്നുവെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ എം.പി

Tuesday 24 August 2021 12:26 PM IST

ന്യൂഡൽഹി: താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ കാബൂൾ വിമാനത്താവളത്തിൽ നിന്ന് ദിനം പ്രതി 4 -5 പേർ മരിക്കുന്നുവെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ എം.പി. ഡോ.അനാർക്കലി കൗർ ഹൊനാർയാർ.

22ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയതാണിവർ.

ജീവനോടെ ഇന്ത്യയിലെത്താൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച അനാർക്കലി അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രതികരിച്ചു.
യാത്രാ രേഖകളില്ലാത്തതിനാൽ രാജ്യം വിടണമെന്ന് ആഗ്രഹിക്കുന്ന ഭൂരിഭാഗം അഫ്ഗാനികൾക്കും വിമാനയാത്ര സാദ്ധ്യമല്ല. താലിബാന്റെ കണ്ണ് വെട്ടിച്ച് അതിഭയങ്കരമായ ചൂടിൽ മണിക്കൂറുകളോളം യാത്രചെയ്താണ് വിമാനത്താവളത്തിലെത്തുന്നത്.
തിരക്ക് നിയന്ത്രിക്കാൻ കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ് സാധാരണമാണ്. 4 - 5 പേ‌ർ ദിനം പ്രതി മരിക്കുന്നു. 20 വർഷം മുമ്പ് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തപ്പോൾ രാജ്യത്തെ ഹിന്ദുക്കൾക്കും സിക്കുകാർക്കും യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ ഇത്തവണ അത്തരം പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാൽ അഫ്ഗാനിലെ ഈ ന്യൂനപക്ഷ സമുദായങ്ങളുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാണെന്നും അനാർക്കലി പറഞ്ഞു.

Advertisement
Advertisement