കാട്ടുമുറാക്കൽ - തൈക്കാവ് റോഡ് ഗതാഗത യോഗ്യമാക്കണം

Tuesday 24 August 2021 1:29 AM IST

മുടപുരം: ദീർഘനാളായി ടാറും മെറ്റലും ഇളകി ഗട്ടറുകൾ രൂപപ്പെട്ട് തകർന്നു കിടക്കുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കാട്ടുമുറാക്കൽ തൈക്കാവ് റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു. കാട്ടുമുറാക്കൽ ജംഗ്‌ഷനിൽ നിന്ന് തുടങ്ങുന്ന റോഡ് നിത്യഹരിത നായകൻ പ്രേംനസീറിന്റെ കബർ സ്ഥിതി ചെയ്യുന്ന കാട്ടുമുറാക്കൽ ജുമാ - മസ്ജിദ്, കിഴുവിലം സർവീസ് സഹകരണബാങ്ക്, പൊയ്‌കവിള ദേവീക്ഷേത്രം, മുക്തി ഫാർമ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുന്നിലൂടെ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള തൈക്കാവ് ജംഗ്‌ഷനിൽ എത്തിച്ചേരുന്നത്. അഞ്ച് വർഷം മുൻപ് വേൾഡ് ബാങ്കിന്റെ ഫണ്ടായ 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാർ ചെയ്യുകയും സൈഡുകൾ കോൺക്രീറ്റ് ചെയ്യുകയും ചെയ്തത്. കാട്ടുമുറാക്കൽ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനായി ആ റോഡ് അടച്ചിട്ടിരുന്നതിനാൽ ഏതാണ്ട് ഒരു വർഷക്കാലത്തോളമായി ഈ റോഡ് വഴിയാണ് യാത്രകൾ.

റോഡ് സഞ്ചാര യോഗ്യമാക്കണം

കാട്ടുമുറാക്കൽ ജംഗ്‌ഷൻ,​ കിഴുവിലം സർവീസ് സഹകരണ ബാങ്കിന് മുൻവശം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് അപ്പാടെ ഇളകി വലിയ ഗട്ടറുകൾ രൂപപ്പെട്ട് വാഹനയാത്രയ്ക്കും കാൽനടയാത്രയ്ക്കും ദുഷ്കരമായി തീർന്നിരിക്കുകയാണ്. അതിനാൽ റോഡ് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുത്ത് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement