ജീവനക്കാരും രഹസ്യ റിപ്പോർട്ടും

Tuesday 24 August 2021 2:00 AM IST

ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പലപ്പോഴും വിവാദമാകാറുണ്ട്. ചില അനർഹരെ ഉയർത്താനും ചില അർഹരെ ഒതുക്കാനും മേലധികാരികൾ ഇത് പല സന്ദർഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സത്യസന്ധമായ രഹസ്യ റിപ്പോർട്ട് എഴുതുന്ന മേലധികാരികളും കുറവല്ല. മേലധികാരികൾക്കും മുകളിൽ പിടിയുള്ളവർക്ക് സ്വാധീനം ചെലുത്തിയാൽ ആദ്യം എഴുതിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മാറ്റി പുതിയത് എഴുതിവയ്ക്കുന്ന രീതിയും കുറവല്ല. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും അത് അനുസരിക്കുന്ന വകുപ്പുകൾ കുറവാണ്. മാത്രമല്ല നിശ്ചിത ഫോർമാറ്റും ഇല്ലായിരുന്നു. ഐ.ടി കേരള മിഷൻ സ്പാർക്ക് രീതിയിൽ പുതിയ സോഫ്‌‌റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്. സ്കോർ എന്നാണ് പേര്. ഇനി എല്ലാ വകുപ്പുകളും ഈ നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി മാത്രം ഇത് സമർപ്പിച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. 54 വകുപ്പുകൾ ഉള്ളതിൽ 5 വകുപ്പുകൾ മാത്രമാണ് ഓൺലൈനായി കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നത്. ബാക്കി വകുപ്പുകൾ ഇപ്പോഴും കടലാസിലാണ് കാര്യങ്ങൾ നടത്തുന്നത്. ഓൺലൈൻ സംവിധാനം സർക്കാർ തലത്തിൽ വന്നിട്ട് പത്തുവർഷം കഴിഞ്ഞു. ഭരണ നിർവഹണം അതിലേക്ക് മാറ്റാൻ പല വകുപ്പുകളും ഇപ്പോഴും വൈമുഖ്യം പുലർത്തുകയാണ്. എന്നാൽ കൊറോണക്കാലം ഇതിൽ വലിയ മാറ്റം വരുത്തി. മീറ്റിംഗുകൾ പലതും വെർച്വലാക്കാൻ വകുപ്പുകൾ നിർബന്ധിതമായി. ഇനി ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്. കാര്യങ്ങൾ ഓൺലൈനിലാകുന്നതാണ് ജനങ്ങൾക്കും ജീവനക്കാർക്കും നല്ലത്. ഇപ്പോൾ ഗതാഗതം, തദ്ദേശ സ്വയംഭരണം, സെക്രട്ടേറിയറ്റ്, പൊലീസ്, വനം, വന്യജീവി സംരക്ഷണം തുടങ്ങി ഏതാനും വകുപ്പുകളിൽ മാത്രമാണ് ഭരണ നിർവഹണം ഓൺലൈനിലായി നടക്കുന്നത്. കടലാസിൽ എഴുതി കൈമാറുന്ന രീതിക്ക് ഒരു വലിയ പോരായ്മയുണ്ട്. അത് മാറ്റി പുതിയത് തിരുകി കയറ്റിയാൽ പിടിക്കാനാകില്ല. ഓൺലൈനാകുമ്പോൾ ഇത് നടക്കില്ല. തിരുത്തിയാൽ അതും കമ്പ്യൂട്ടറിൽ അറിയാനാകും. മേലുദ്യോഗസ്ഥൻ എഴുതുന്ന നിശ്ചിത ഫോർമാറ്റിലുള്ള കോൺഫിഡൻഷ്യൻ റിപ്പോർട്ട് നേരത്തേ ജീവനക്കാർക്ക് കൈമാറില്ലായിരുന്നു. ഇപ്പോഴാകട്ടെ നിശ്ചിത ദിവസത്തിന് ശേഷം ഉദ്യോഗസ്ഥന് ലഭിക്കും. ഉദ്യോഗസ്ഥർക്ക് കോൺഫിഡൻഷ്യൻ റിപ്പോർട്ട് കൈമാറണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഉദ്യോഗസ്ഥന് സ്വയം മെച്ചപ്പെടാൻ ഇത് അവസരമൊരുക്കും.

ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് ആവശ്യമാണ്. സ്‌ത്രീധനം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സ്വത്തുവിവരം സ്പാർക്ക് സോഫ്ട്‌വെയറിൽ നൽകാൻ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതും സ്വാഗതാർഹമാണ്.

Advertisement
Advertisement