പേട്ട റെയിൽവേ ഓവർബ്രിഡ്‌ജിന്റെ പാർശ്വഭിത്തി നിർമാണത്തിന് വേഗമില്ല

Tuesday 24 August 2021 2:04 AM IST

തിരുവനന്തപുരം: പേട്ട റെയിൽവേ ഓവർബ്രിഡ്‌ജിന്റെ പാർശ്വഭിത്തി നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ പാറ്റൂർ - ചാക്ക റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് മറ്റ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നെന്നാണ് ആക്ഷേപം.

അറ്റകുറ്റപ്പണിയെ തുടർന്ന് റോഡിന്റെ പകുതിയോളം നഷ്ടമായിട്ടുണ്ട്. ഇടിഞ്ഞിറങ്ങിയ മണൽ റോഡിലേക്ക് കൂട്ടിയിട്ടതോടെ റോഡിന്റെ മദ്ധ്യഭാഗം വരെ മണൽക്കൂനയാണ്. നിലവിൽ ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്തുകൂടെയാണ് യാത്ര. റോഡിന്റെ വീതി കുറഞ്ഞതിനാൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾ കൂട്ടിമുട്ടുന്നതും പതിവാണ്. 20ന് രാത്രി സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് ഇവിടെ അപകടം നടന്നിരുന്നു. നഗരത്തിലെ ഏറെ തിരക്കുള്ള റോഡിലെ ഈ ഓവർബ്രിഡ്‌ജിൽ പാർശ്വഭിത്തിയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പാലത്തിന്റെ പാർശ്വഭിത്തി കഴിഞ്ഞ മേയിലാണ് പൂർണമായും ഇടിഞ്ഞ് റോഡിലേക്ക് വീണത്. തുടർന്ന് നാലാഴ്ച മുമ്പ് റോ‌ഡ് ഫണ്ട് ബോർഡ് ജോലി ആരംഭിച്ചു. ഇടിഞ്ഞുവീണ ഭിത്തിയുടെ മറുവശവും അപകടാവസ്ഥയിലാണ്. അത് പുനർനിർമ്മിക്കാനുള്ള നടപടികൾ വേണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ ഘട്ടംഘട്ടമായാണ് ജോലികൾ നടക്കുന്നതെന്നാണ് അധിക‌ൃതരുടെ വിശദീകരണം.

Advertisement
Advertisement