ഇളവിൽ പിടിച്ചു കയറി കൊവിഡ് , വീണ്ടും അടച്ചു പൂട്ടൽ ആശങ്കയിൽ

Tuesday 24 August 2021 2:18 AM IST

തൃശൂർ: ഓണത്തിന്റെ ഭാഗമായി നൽകിയ ഇളവുകളിൽ മതിമറന്ന് ജനം. വരും ദിവസങ്ങളിൽ അടച്ചുപൂട്ടിയിരിക്കേണ്ടി വരുമെന്ന ആശങ്ക ഉയരുന്നു. ഇന്ന് പരിശോധിക്കുന്ന വാരാവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണം ഉണ്ടായേക്കാൻ സാദ്ധ്യതയേറി. വീണ്ടും ടി.പി.ആർ നിരക്ക് ഉയരുന്നതോടെ തിരിച്ച് ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കൊവിഡ് പ്രോട്ടോക്കാൾ നിയന്ത്രണങ്ങളിൽ ഏറെ ഇളവുകൾ നൽകിയിരുന്നു. എന്നാൽ ജില്ലയിൽ കൊവിഡ് ടി.പി.ആർ നിരക്കിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് തന്നെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഭൂരിഭാഗം ദിവസവും ജില്ലാ രണ്ടാമതാണ്. പല ദിവസങ്ങളും കൂടുതൽ രോഗികളും ജില്ലയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ അരലക്ഷത്തിലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. 324 പേർക്ക് മരണം സംഭവിക്കുകയും ചെയ്തു. വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ കഴിഞ്ഞ രണ്ടാഴ്ച്ചയായി മുപ്പതിലേറെ വാർഡുകളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. അത് മുനിസിപ്പാലിറ്റി പരിധികളിൽ മാത്രമായി ചുരുക്കി. പഞ്ചായത്ത് അടിസ്ഥാനത്തിൽ നിരവധി വാർഡുകളിൽ 20 മുതൽ 30 വരെ കൊവിഡ് രോഗികൾ ഉണ്ടായിട്ടും നിയന്ത്രണം ഏർപ്പെടുത്താതെ അധികൃതർ കണ്ണടക്കുകയായിരുന്നു.
ഇന്ന് ചേരുന്ന യോഗത്തിൽ തുടർ തീരുമാനമുണ്ടായേക്കും.

  • കഴിഞ്ഞ 23 ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം 52,457
  • ആഗസ്റ്റ് മാസത്തെ ഇതുവരെയുള്ള മരണ സംഖ്യ 324


വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്, കണ്ണടച്ച് പൊലീസ്
ഓണനാളുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും ആയിരങ്ങളാണ് തടിച്ചുകൂടിയത്. അടുത്തിടെ തുറന്നുകൊടുത്ത കുതിരാൻ ടണൽ കാണുന്നതിന് വരെ നൂറുക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ദേശീയ പാതയിൽ ഗതാഗത കുരുക്കിന് പോലും ഇത് വഴിവച്ചു. പിഞ്ചു കുഞ്ഞുങ്ങളുമായിട്ടാണ് പലരും പുറത്തിറങ്ങിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും കാര്യമായി പണിയെടുത്തില്ല. നഗരത്തിൽ തേക്കെ ഗോപൂര നടയിലും ശ്രീമൂല സ്ഥാനത്തും തേക്കിൻക്കാട് മൈതാനത്തും ആളുകൾ സെൽഫി തിരക്കിലായിരുന്നു. പീച്ചി, വാഴാനി, അതിരപ്പിള്ളി, തുമ്പൂർ മുഴി, തളിക്കുളം സ്‌നേഹ തീരം എന്നിവിടങ്ങളിൽ ആയിരങ്ങളാണ് എത്തിയത്. അതിരപ്പിള്ളിയിലും തുമ്പൂർ മുഴിയിലും ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റാണ് വിറ്റഴിച്ചത്. അതേസമയം ഇന്നലെ ചതയദിനാഘോഷവും മറ്റും ഘോഷയാത്രയില്ലാതെ ചടങ്ങായി മാത്രമാണ് നടത്തിയത്.

Advertisement
Advertisement