മുസ്ലിംലീഗിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്

Tuesday 24 August 2021 2:21 AM IST

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ കേരളഘടകം അത്യസാധാരണമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പലവിധ ആരോപണ-പ്രത്യാരോപണങ്ങൾ നേതൃത്വത്തെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. സംസ്ഥാന ജനറൽസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാമിന്റെ പ്രതികരണങ്ങൾ, പാർട്ടിയുടെ നേതൃത്വം അകപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥ വിളിച്ചറിയിക്കുന്നുണ്ട്. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽപ്പെട്ടത് മുൻ വ്യവസായമന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞായിരുന്നു. ആ അഴിമതിവിവാദം പല ഇതളുകളായി വിടർന്നപ്പോൾ, പാർട്ടി മുഖപത്രമായ ചന്ദ്രികയിലേക്ക് വരെ നീണ്ടു. ചന്ദ്രിക അക്കൗണ്ടിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആക്ഷേപം കുറച്ചൊന്നുമല്ല നേതൃത്വത്തെ വലച്ചത്. ചന്ദ്രികയുടെ രക്ഷാധികാരിയെന്ന നിലയിൽ എന്തിനും ഏതിനും ഉത്തരം പറയേണ്ട ബാദ്ധ്യത, നിഷ്കാമിയായ ആത്മീയനേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ ചെന്നെത്തുക സ്വാഭാവികം. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിപ്പോയി എന്നതു മാത്രമാണ് അദ്ദേഹം ചെയ്ത 'അപരാധം!' സ്വാഭാവികമായും, ചന്ദ്രിക ആരോപണവും ഇ.ഡിയുടെ കേസന്വേഷണവുമൊക്കെ സൃഷ്ടിച്ച മാനസികവ്യഥ അദ്ദേഹത്തെ രോഗഗ്രസ്ഥനാക്കി.

ആ വേദന തുറന്നുപറഞ്ഞത് അദ്ദേഹത്തിന്റെ പുത്രൻ മുഈൻ അലി ശിഹാബ് തങ്ങളായിരുന്നു. മുഈൻ അലി , പാർട്ടിയുടെ മുതിർന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയെ സംശയമുനയിൽ നിറുത്തുന്ന ആക്ഷേപം ഉയർത്തിയത് പുകിലായി. അദ്ദേഹം വാർത്താസമ്മേളനം നടത്തവേ, ലീഗ് ഓഫീസിനകത്തേക്ക് കയറിവന്ന എന്തിനും പോന്നൊരു പ്രവർത്തകൻ മുഈൻ അലിയോട് ഭീഷണി മുഴക്കി. മുഈൻ അലിയുടേത് അച്ചടക്കലംഘനമെന്ന് പറയാനേ ലീഗ് നേതൃത്വത്തിന് സാധിച്ചുള്ളൂ. പാണക്കാട് തങ്ങൾ കുടുംബത്തിന് മുസ്ലിം സമുദായത്തിനിടയിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആത്മീയപരിവേഷം മുഖവിലയ്ക്കെടുക്കാതിരിക്കാനും ആവില്ലല്ലോ. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനായാണ് ഭീഷണി മുഴക്കിയ പ്രവർത്തകനെതിരെ അച്ചടക്കനടപടിയെടുത്ത് പുറത്താക്കിയത്. തൊട്ടുപിന്നാലെ ഉടലെടുത്ത മറ്റൊരു വിവാദം കൂനിന്മേൽ കുരുവായി.

ലീഗിന്റെ വിദ്യാർത്ഥിവിഭാഗമായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വനിതാവിഭാഗമായ ഹരിതയുമായി ബന്ധപ്പെട്ടായിരുന്നു ആ വിവാദം. ഹരിതയുടെ ഭാരവാഹികളായ പെൺകുട്ടികളെ വേശ്യകളെന്നധിക്ഷേപിച്ചെന്ന അതീവ ഗുരുതരമായ ആരോപണം പരാതിയായി ലീഗ് നേതൃത്വത്തിന് മുന്നിലെത്തി. ജൂൺ 23ന് എത്തിയ പരാതി, വെറും പരാതി മാത്രമായി ഒതുങ്ങിയതോടെ, ആത്മാഭിമാനമുള്ള പെൺകുട്ടികൾ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചു. അതോടെ ലീഗ് നേതൃത്വം വർദ്ധിതവീര്യത്തോടെ ഉയിർത്തെഴുന്നേറ്റു. എം.എസ്.എഫ് നേതാവ് പി.കെ. നവാസിനെതിരെയാണ് പരാതി.

വനിതാകമ്മിഷന് പരാതി നൽകിയ ഹരിതക്കാരിൽ കുറ്റം കാണുകയായിരുന്നു ലീഗ് നേതൃത്വം. പാർട്ടിക്കകത്തെ പ്രശ്നം പുറത്ത് വനിതാകമ്മിഷന് മുന്നിലെത്തിച്ചത് അച്ചടക്കലംഘനവും തോന്ന്യാസവുമായി നേതൃത്വം കണ്ടു. ഹരിതയെ മരവിപ്പിച്ചു. അതിനെതിരെ ഹരിതയുടെ അഖിലേന്ത്യാ നേതാവ് ഫാത്തിമ തഹ്‌ലിയ കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തി തുറന്നടിച്ചു. നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്നപ്പോഴാണ് വനിതാകമ്മിഷനെ സമീപിച്ചതെന്ന ഫാത്തിമയുടെ വെളിപ്പെടുത്തൽ മുസ്ലിംലീഗ് പേറുന്ന രാഷ്ട്രീയമൂല്യബോധത്തിന് നിരക്കാത്തതാണെന്നതിൽ സംശയമില്ല.

ലീഗും മുസ്ലിം സ്വത്വ രാഷ്ട്രീയവും

ഇന്ത്യയിലെ മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അവരുടെ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനുമായി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. 1948 മാർച്ച് പത്തിന് എം. മുഹമ്മദ് ഇസ്മായിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപിച്ചത്.

ഇന്ത്യാ വിഭജനത്തോടെയാണല്ലോ 1947ൽ രാജ്യം സ്വതന്ത്രയാവുന്നത്. സ്വാതന്ത്ര്യം ലഭിച്ചതോടെ അവിഭക്ത ഭാരതത്തിൽ പ്രവർത്തിച്ചുവന്ന സർവേന്ത്യാ മുസ്ലിംലീഗ് എന്ന സംഘടന പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. മതേതര റിപ്പബ്ലിക് ആയി സ്വതന്ത്രമാകുന്ന ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ സാധുതയില്ലെന്ന ചിന്തയായിരുന്നു അവശേഷിച്ച മുസ്ലിംലീഗ് നേതാക്കളിൽ ബഹുഭൂരിപക്ഷത്തിനും. മുസ്ലിംലീഗ് പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ്,​ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം. സീതിസാഹിബും ചേർന്ന് മറ്റൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. ജനാധിപത്യ സമൂഹത്തിൽ ന്യൂനപക്ഷജനത സ്വത്വാധിഷ്ഠിതമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അവർ വാദിച്ചു. അങ്ങനെയുണ്ടായില്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങളെപ്പറ്റി അവർ വിവരിച്ചു. സർവേന്ത്യാ മുസ്ലിംലീഗ് ഇന്ത്യയിൽ പിരിച്ചുവിടാൻ സർവേന്ത്യാ ലീഗിന്റെ കൗൺസിലിനേ സാധിക്കൂവെന്നതിനാൽ അങ്ങനെ വിളിച്ചുചേർക്കാൻ അതിന്റെ ജനറൽസെക്രട്ടറിയോട് അഭ്യർത്ഥിക്കാൻ,​ കൊൽക്കത്തയിൽ അവിഭക്ത ലീഗിന്റെ സമുന്നതനേതാവായ ഹുസൈൻ ശഹീദ് സുഹ്രവർദിയുടെ വസതിയിൽ ചേർന്ന നേതാക്കളുടെ കൺവെൻഷൻ തീരുമാനിച്ചു.

അങ്ങനെ 1947 ഡിസംബർ 15ന് കറാച്ചിയിൽ സർവേന്ത്യാ മുസ്ലിംലീഗിന്റെ ജനറൽ കൗൺസിൽ ചേർന്നു. സർവേന്ത്യാലീഗിനെ പിരിച്ചുവിടാൻ തീരുമാനിച്ചു. വിഭജിച്ച് മാറിയ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്ലിംലീഗിന്റെ ഭാവി അതത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടുകൊടുത്തു. അങ്ങനെ ഇന്ത്യ സ്വതന്ത്രമായതിന്റെ അടുത്ത വർഷത്തിൽ ചെന്നൈ രാജാജി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപിതമായി.

മുസ്ലിം,​ ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് മുസ്ലിംലീഗ് എങ്കിലും അവർക്ക് ഒരു രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ കേരളത്തിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനായത്. കേരളത്തിലെ പ്രബലമായ രണ്ട് മതേതര മുന്നണികളിലും പങ്കാളിത്തം നേടിയെടുക്കാനുള്ള രാഷ്ട്രീയവഴക്കം ആ പാർട്ടിക്കുണ്ടായി എന്നതാണ് അതിനൊരു പ്രധാന ഘടകമായത്. മുസ്ലിം സമുദായത്തിനകത്തെ വൈരുദ്ധ്യങ്ങളായ സലഫി,​ സുന്നി വിഭാഗങ്ങളെ രാഷ്ട്രീയമായി ഏകീകരിക്കാൻ ലീഗിന് സാധിച്ചിട്ടുണ്ട്. സമസ്തയിൽ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ഹാജിയുടെ നേതൃത്വത്തിൽ എ.പി വിഭാഗം ഭിന്നിച്ചുപോകാൻ കാരണം പോലും രാഷ്ട്രീയ,​ മത കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പവും ഭിന്നതയുമാണെന്ന് വിലയിരുത്തുന്നവരുണ്ട്. സുന്നി ഇ.കെ വിഭാഗം പില്‌ക്കാലത്ത് ലീഗ് മുഖപത്രത്തെ മറികടന്ന് സ്വന്തമായി മുഖപത്രം ആരംഭിച്ചപ്പോൾ,​ ഫലത്തിൽ എ.പി സുന്നി വിഭാഗത്തിന് മേൽ ഇ.കെ വിഭാഗം തുടക്കത്തിൽ കൈവരിച്ച വിജയത്തെ അപ്രസക്തമാക്കുന്നതായെന്നും വ്യാഖ്യാനിക്കപ്പെട്ടു.

ആഗോളതലത്തിലും ദേശീയതലത്തിലുമുണ്ടായ മുസ്ലിം രാഷ്ട്രീയപ്രശ്നങ്ങളിൽ നിന്ന് ഭിന്നമായി കേരളീയമായ മുസ്ലിം സ്വത്വപ്രസ്ഥാനം വളർത്തിയെടുക്കാനായി എന്നതാണ് മുസ്ലിംലീഗിനെ കേരളത്തിലെ പ്രബലസംഘടനയാക്കി മാറ്റിയത്. രാഷ്ട്രീയകാര്യങ്ങൾ ലീഗും മതകാര്യങ്ങൾ സമസ്തയും കൈകാര്യം ചെയ്യട്ടെയെന്ന അപ്രഖ്യാപിത ധാരണയിലാണ് കാര്യങ്ങൾ നീങ്ങിയത്.

സി.എച്ച്. മുഹമ്മദ് കോയ,​ ബാഫകി തങ്ങൾ,​ അവുക്കാദർ കുട്ടി നഹ,​ സീതിഹാജി,​ യു.എ. ബീരാൻ,​ ഇ. അഹമ്മദ് എന്ന് തുടങ്ങി മഹാരഥന്മാരായ ഒട്ടനവധി നേതാക്കളുടെ പ്രഭാവം കേരളത്തിലെ മുസ്ലിംലീഗിന്റെ രാഷ്ട്രീയതിളക്കം കൂട്ടിയിട്ടുണ്ട്. 90കളിലേക്കെത്തിയതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താരോദയം ലീഗിലുണ്ടായി. ആ ഘട്ടത്തിലാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്. 1992 ഡിസംബർ ആറിന്റെ ആ കറുത്ത ദിനം രാജ്യമാകെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉളവാക്കിയ അസ്വസ്ഥത ചെറുതായിരുന്നില്ല. കേരളത്തിൽ പക്ഷേ അതൊരു വർഗീയ കലാപത്തിലേക്ക് പോകാതിരിക്കാനുള്ള രാഷ്ട്രീയപക്വതയും വിശാലമായ മതനിരപേക്ഷബോധവും ലീഗ് നേതൃത്വം പ്രകടിപ്പിച്ചു. ലീഗിന്റെ ആത്മസംയമനം അന്ന് ഏറെ പ്രകീർത്തിക്കപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ- കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. ലീഗ് നിലപാടിനോട് തെറ്റി ഇന്ത്യൻ നാഷണൽ ലീഗ് ഉദയം ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെത്തിച്ചത് ബാബ്റി മസ്ജിദ് സംഭവമായിരുന്നു.

പിന്നീടിങ്ങോട്ട് കേരള മുസ്ലിംലീഗിലെ ഏറ്റവും വലിയ അധികാരശക്തിയായി നിലയുറപ്പിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഐക്യ ജനാധിപത്യമുന്നണി അഞ്ച് വർഷ ഇടവേളകളിൽ അധികാരമേറുമ്പോൾ ലീഗിന്റെ കക്ഷിനേതാവും വ്യവസായമന്ത്രിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി അമരക്കാരനായി നിലയുറപ്പിച്ചു. 2004ൽ ഐസ്ക്രീം പാർലർ കേസ് വിവാദമായി കത്തിപ്പടർന്നപ്പോൾ അടിതെറ്റി. അന്ന് കുഞ്ഞാലിക്കുട്ടിക്ക് പ്രതിരോധം തീർത്ത ലീഗ് അണികൾ കരിപ്പൂരിലടക്കം അഴിച്ചുവിട്ട അക്രമങ്ങളിൽ മാദ്ധ്യമപ്രവർത്തകരടക്കമാണ് ഇരകളായത്. 2006ലെ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് കുറ്റിപ്പുറത്ത് തോൽവിയേറ്റു വാങ്ങേണ്ടിവന്നു. കെ.ടി. ജലീൽ എന്ന പുത്തൻ ചാവേർ പടയാളി,​ ഇടതുപാളയത്തിൽ നിന്നുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു. ജലീലിന് ഇടതുചേരിയിൽ വലിയ പ്രാമുഖ്യമുണ്ടായി.

പക്ഷേ,​ ലീഗിനകത്ത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് ഇളക്കമൊന്നും സംഭവിച്ചില്ല. 2011ലും 2016ലും അദ്ദേഹം തന്നെയായിരുന്നു ലീഗിലെ അവസാനവാക്ക്. പാണക്കാട് തങ്ങളുടെ ആത്മീയപരിവേഷം ലീഗിന് ഒരു ബലം മാത്രമായിരുന്നു. തീരുമാനങ്ങളെല്ലാം കുഞ്ഞാലിക്കുട്ടിയുടെ കാർമ്മികത്വത്തിൽ സംഭവിച്ചുപോന്നു. ലക്ഷണമൊത്ത കേഡർ പാർട്ടിയായി കേരളത്തിൽ പരിലസിച്ചുപോന്ന ലീഗിൽ സമീപകാലത്തായി കൂടുതൽ എതിർശബ്ദങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. അതിന് തുടക്കമിട്ട കെ.ടി. ജലീൽ പുറത്ത് പോയെങ്കിൽ ഇന്നത് സംഭവിക്കുന്നില്ല. ലീഗിനകത്തെ ജനാധിപത്യ ശബ്ദങ്ങൾ കെ.എം. ഷാജിയുടെയും എം.കെ. മുനീറിന്റെയുമൊക്കെ നേതൃത്വത്തിൽ ഉറക്കെ മുഴങ്ങുകയാണ്. 2017ൽ വേങ്ങരയിലെ എം.എൽ.എസ്ഥാനം ഉപേക്ഷിച്ച് ലോക്‌സഭയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി,​ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മലപ്പുറത്ത് നിന്ന് വിജയിച്ച് എം.പി ആയി. എന്നാൽ ദേശീയതലത്തിൽ യു.പി.എയ്ക്ക് അധികാരം ലഭിച്ചില്ല. 2021ൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകാമെന്ന കണക്കുകൂട്ടലിലാവാം,​ 2020ൽ കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. എല്ലാം കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ്. പക്ഷേ പുറത്തുവരുന്നത് പാർട്ടി തീരുമാനമെന്ന നിലയിലും. ദേശീയനേതൃത്വത്തിലേക്ക് കുഞ്ഞാലിക്കുട്ടി മാറുന്നുവെന്ന പ്രചരണമുയർത്തിയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചത്. തിരിച്ച് കേരളത്തിലേക്ക് വന്നപ്പോൾ,​ കുഞ്ഞാലിക്കുട്ടി കേരള പാർട്ടിയുടെ നേതൃത്വത്തിലേക്ക് സജീവമാകുന്നുവെന്നായി പ്രചരണം.

ഇത് പാർട്ടിക്കകത്ത് ഉണ്ടാക്കിയ അസ്വാരസ്യം ചെറുതായിരുന്നില്ല. തിരുവായ്ക്ക് എതിർവായില്ലെന്ന പഴയ കാലത്തിന് മാറ്റമൊന്നുമുണ്ടായില്ലെന്ന മിഥ്യാധാരണയിലാകാം ഒന്നും സംഭവിക്കില്ലെന്ന മൂഢസ്വർഗത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി .

മുഈൻ അലിയുടെ പ്രതികരണം ഒറ്റപ്പെട്ടതല്ലെന്ന് വിശ്വസിക്കുന്നവരാണ് ലീഗിൽ ഇന്നേറ്റവുമധികം. അത് നന്നായി തിരിച്ചറിയുന്നതിനാലാണ് കെ.ടി. ജലീൽ,​ എതിർമുന്നണിയിൽ നിന്നുകൊണ്ട് നിരന്തരം കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്ഷേപശരമെയ്യുന്നത്. അതിന് പിന്നാലെയിപ്പോൾ എം.എസ്.എഫ് നേതൃത്വത്തിനെതിരെ ഹരിതയുടെ പെൺകുട്ടികളുടെ രംഗപ്രവേശമുണ്ടായിരിക്കുന്നു.

മലബാറിലെ മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഏറെ ഉൽകർഷ നേടിയിരിക്കുന്നുവെന്നതിന്റെ വിളംബരമായി ഹരിത നേതാക്കളുടെ രംഗപ്രവേശത്തെ വിലയിരുത്തണം. മുസ്ലിംലീഗിനകത്ത് സ്ത്രീസ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുന്നു. കാൽനൂറ്റാണ്ടിന് ശേഷം ഇത്തവണ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ അഡ്വ.നൂർബിന റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗെടുത്ത വിപ്ലവകരമായ തീരുമാനം പോലും,​ പാർട്ടിയിലെയും സമുദായത്തിലെയും സ്ത്രീസമൂഹം മാറിയിരിക്കുന്നുവെന്ന തിരിച്ചറിവിലാണ്.

ജനാധിപത്യപരമായ സംവാദത്തിന് ലീഗിന്റെ ആഭ്യന്തരവേദികൾ നിർബന്ധിതമാകുന്ന രാഷ്ട്രീയകാലാവസ്ഥയാണിപ്പോൾ. കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളുടെ ഒറ്റയാൻ പ്രതിഭാസങ്ങൾ അവസാനിക്കുന്നതും ആരോഗ്യകരമായ രാഷ്ട്രീയകാലാവസ്ഥയുടെ പ്രതിഫലനമായി വേണം കാണാൻ. ലീഗ് മാറട്ടെ. ഒപ്പം മുസ്ലിം സ്വത്വരാഷ്ട്രീയവും. പ്രതിസന്ധിയിൽ നിന്നുള്ള അതിജീവനം അങ്ങനെയേ സാദ്ധ്യമാകൂ.

Advertisement
Advertisement