ഗുരുദേവൻ കേരളത്തെ നവോത്ഥാന പൊതുവഴിയിലേക്ക് നയിച്ചു: മന്ത്രി കെ. രാജൻ

Tuesday 24 August 2021 2:43 AM IST
ശ്രീനാരായണ ഗുരുജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയന്റെ ഉപഹാരം മന്ത്രി കെ.രാജന് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ സമ്മാനിക്കുന്നു.

ചാലക്കുടി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ കേരളത്തെ സാമൂഹിക നവോത്ഥാനത്തിന്റെ ഇടവഴികളിൽ നിന്ന് പൊതു വഴിയിലേക്ക് നയിച്ച മഹാനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 167ാം ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച പൊതുയോഗവും വിദ്യാഭ്യാസ പുസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു സഞ്ചാരവും വിദ്യാഭ്യാസവും ആരാധനയുമെല്ലാം പിന്നാക്കക്കാരന് നിഷേധിക്കപ്പെട്ട കാലത്ത് ഗുരുവും പിൻഗാമികളും നടത്തിയ അഹോരാത്ര പ്രവർത്തനങ്ങളാണ് ഇന്ന് നാം കാണുന്ന സാമൂഹിക നീതിയെന്നും മന്ത്രി തുടർന്നു പറഞ്ഞു.

സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ പ്രതിഭകളുടെ പ്രവർത്തനങ്ങളും സമൂഹത്തെ അന്ധകാരങ്ങളിൽ നിന്നും കര കയറ്റുന്നതിന് അത്താണിയായി. അടിച്ചമർത്തപ്പെട്ടവന് വിദ്യ അഭ്യസിക്കാൻ ഇടമുണ്ടാക്കിയത് ഗുരുദേവന്റെ ആഹ്വാനങ്ങളും സന്ദേശങ്ങളുമായിരുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവർ ഈ സത്യങ്ങളെ തിരസ്‌കരിക്കരുത്. നാരായണ ഗുരു മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒന്നാണ് പാവപ്പെട്ടവന് സ്വന്തമായി അന്തിയുറങ്ങാൻ മണ്ണും വീടും. ഈ സർക്കാർ ഇതിന് മുന്തിയ പരിഗണ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്.എൻ.ജി ഹാളിൽ നടന്ന യോഗത്തിൽ പുരസ്‌കാര വിതരണം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യ പ്രഭാഷണവും സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണും നടത്തി. ഗുരുദർശനം രഹന, നഗരസഭാ കൗൺസിലർ വി.ജെ. ജോജി, യൂണിയൻ ഭാരവാഹികളായ ടി.കെ. മനോഹരൻ, ടി.വി. ഭഗി, സി.ജി. അനിൽകുമാർ, പി.ആർ മോഹനൻ, എ.കെ. ഗംഗാധരൻ, പി.എം. മോഹൻദാസ്, ബോസ് കാമ്പളത്ത്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.സി. മനോജ്, വനിതാ സംഘം സെക്രട്ടറി അജിത നാരായണൻ
തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement