ആഴാംകോണം ജംഗ്ഷനിൽ ബസുകൾ നിറുത്തുന്നത് തോന്നിയപടി ബസ് കയറാൻ പിന്നാലെ ഓടണം

Wednesday 25 August 2021 12:26 AM IST

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ആഴാംകോണം ജംഗ്ഷനിൽ ബസുകൾ ബസ് ബേയിൽ നിർത്തുന്നില്ലെന്ന നാട്ടുകാരുടെ പരാതിയ്ക്ക് ഇനിയും പരിഹാരമില്ല. രണ്ടു വർഷത്തിന് മുമ്പ് നാട്ടുകാർ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നു. ബസ് ബേയിൽ ബസ് നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യാതെ തോന്നിയപടി തോന്നുന്ന സ്ഥലത്ത് നിറുത്തുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. എപ്പോഴും തിരക്കുള്ള ജംഗ്ഷനാണ് ആഴാംകോണം. കടുവയിൽ ആർട്സ് കോളേജ്, മണമ്പൂർ യു.പി.സ്കൂൾ, കല്ലമ്പലം പൊലീസ് സ്റ്റേഷൻ, അന്തരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം, പെട്രോൾ പമ്പ് എന്നിവ ആഴാംകോണം പരിസരത്തുണ്ട്. ആഴാംകോണം ജംഗ്ഷനിലാണ് മണമ്പൂർ ഭാഗത്ത് നിന്ന് വരുന്ന റോഡ്‌ വന്നുചേരുന്നത്. ഇതുവഴി പലഭാഗത്തേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും യാത്രക്കാരുടെ തിരക്കാണ്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന ബസുകൾക്ക് ആഴാംകോണം ജംഗ്ഷനിൽ നിർത്താൻ പ്രത്യേക സ്ഥലം തയ്യാറാക്കിയിട്ടുണ്ടെങ്കിലും പഴയ സ്റ്റോപ്പിൽ തന്നെയാണ് ബസുകൾ ഇപ്പോഴും നിർത്തുന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകുന്ന ബസുകളാണ് ബസ് ബേയിൽ നിർത്താതെ തോന്നിയപടി റോഡിൽ നിർത്തുന്നതെന്നാണ് ആക്ഷേപം.

 ഗതാഗത കുരുക്കും

കോളേജ്, പൊലീസ് സ്റ്റേഷൻ, നീന്തൽക്കുളം മൂന്നും റോഡിന് വലത് ഭാഗത്ത് അടുത്തടുത്തായതിനാൽ ഇങ്ങോട്ടുള്ള വാഹനങ്ങൾ ദേശീയപാതയിൽ നിറുത്തി തിരിഞ്ഞിറങ്ങുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇപ്പോൾ ബസുകൾ നിർത്തുന്ന സ്ഥലത്ത് റോഡ്‌ നിരപ്പിൽ നിന്നും മണ്ണിടിഞ്ഞ് താഴ്ന്ന് വലിയ താഴ്ചയിലായതിനാൽ പ്രായമായവർക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്.

മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രോഗികളും മറ്റും ബസിറങ്ങുന്നതും ഇവിടെ

ജംഗ്ഷനിൽ നിന്നും മണമ്പൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വേഗത നിയന്ത്രണ സംവിധാനങ്ങളോ ട്രാഫിക് പൊലീസോ ഇല്ല

നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല

വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതിനാൽ റോഡ്‌ മുറിച്ചു കടക്കാൻ ഏറെ നേരം കാത്തുനിൽക്കണം

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടന്ന അപകടങ്ങൾ .... 20

തിരക്കേറിയ ആഴാംകോണം ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെയോ ഹോംഗാർഡിനെയോ നിയമിക്കണം. നിർദ്ദിഷ്ട സ്ഥലങ്ങളിൽ തന്നെ ബസുകൾ നിർത്താൻ ബന്ധപ്പെട്ടവർ ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകണം.

ശശി കെ വെട്ടൂർ

ഐ എസ് ആർ ഒ മു൯ എ൯ജിനീയർ

Advertisement
Advertisement