പൊലീസ് ഹരജി ജില്ലാ കോടതി തള്ളി

Thursday 26 August 2021 12:15 AM IST

തലശ്ശേരി: വ്ളോഗർ സഹോദരന്മാരായ ഇരിട്ടിയിലെ എബിൻ വർഗ്ഗീസ്, ലിബിൻ വർഗ്ഗീസ് എന്നിവരുടെ ജാമ്യം റദ്ദാക്കാനായി കണ്ണൂർ പൊലീസ് നൽകിയ ഹരജി ജില്ലാ ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളി. ഇരുവർക്കും കണ്ണൂർ ജൂഡീഷ്യൽ മജിസ്‌ട്രേട്ട് (ഒന്ന്) കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ ഇടപെടാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തയ്യാറായില്ല.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ 9 ന് കണ്ണൂരിലെ ആർ.ടി.ഒ.ഓഫീസിൽ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനായിരുന്നു ഇരുവരും അറസ്റ്റിലായത്. റിമാൻഡിലായ സഹോദരങ്ങൾക്ക് മണിക്കൂറുകൾക്കകം ഉപാധികളോടെ ജാമ്യം കിട്ടി.

കുറ്റാരോപിതർക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസ് പ്രോസിക്യൂഷൻ മുഖേനെ കോടതിയിൽ ആവശ്യപ്പെട്ടത്.

Advertisement
Advertisement