ഇന്ന് ലോക ശ്വാനദിനം : കുഞ്ഞാപ്പു, സുഷമയുടെ സ്നേഹത്തിന്റെ നിഴൽ

Wednesday 25 August 2021 10:52 PM IST

തൃശൂർ: സുഷമയുടെ വിളി കേട്ടാൽ മതി, കുഞ്ഞാപ്പുവെന്ന നായ ഓടിയെത്തും. ദേഹത്തിടിക്കും,​ തൊട്ടുരുമ്മും. വയസ് 12 ആയെങ്കിലും കുഞ്ഞനായതിനാൽ കുഞ്ഞാപ്പുവെന്നും കൂനുള്ളതിനാൽ കുഞ്ഞിക്കൂനനെന്നുമായി അവരുടെ പേര്.

പല്ലുകൾ കൊഴിഞ്ഞു. വായിലൂടെ നീരൊലിക്കും. എങ്കിലും കുഞ്ഞാപ്പുവിന്റെ നിഴലാണ് സുഷമ. കുഞ്ഞാപ്പു സുഷമയുടെയും. അന്തിക്കാട് വാത്തിയത്ത് പ്രശാന്തിന്റെ ഭാര്യ സുഷമയ്ക്ക് വൈകല്യങ്ങളുടെയോ പ്രായാധിക്യത്തിന്റെയോ പേരിൽ തന്റെ പക്കലുള്ള ഒരു നായയെയും നട തള്ളാനാവില്ല. വീട്ടമ്മയായ സുഷമ തന്നെയാണ് ഇവയുടെ പോറ്റമ്മ. നായ സ്‌നേഹത്തിന്റെ നിഴലാണെന്ന് 'ഷാഡോ കെന്നൽ' നടത്തുന്ന സുഷമ പറഞ്ഞു.

സുഷമയുടെ 50 നായ്ക്കളിൽ 15 എണ്ണത്തിന് 12 നും 16നും ഇടയ്ക്കാണ് പ്രായം. അഞ്ചെണ്ണത്തിന് വാർദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. കൗതുകത്തിന്റെയോ കച്ചവടത്തിന്റെയോ പേരിൽ നായ്ക്കുട്ടികളെ വളർത്തുകയും വയസ്സാവുകയോ രോഗം വരികയോ ചെയ്യുമ്പോൾ നട തള്ളുകയും ചെയ്യുന്ന പ്രവണത ഏറുമ്പോഴാണ് സുഷമയുടെ കരുണ മാതൃകാപരമാകുന്നത്. കുഞ്ഞാപ്പുവിനെപ്പോലെ പ്രായമായ പഗ്ഗുകളിൽ ചിലതിന് കണ്ണു കാണില്ല. നടത്തം മെല്ലെയാണ്. തിന്നാനും കുടിക്കാനും പ്രയാസം.

ഓരോന്നിനും ഓരോ ഭക്ഷണ ശീലങ്ങളാണ്. വയസായെങ്കിലും കുറുമ്പുള്ളവയുമുണ്ട്. എന്നാൽ കണ്ണുകാണാത്തവയും സുഷമയുടെ 'ജമ്പ്' എന്ന കൽപ്പന കേട്ടാൽ കൂട്ടിൽ നിന്നും ചാടും. പരിചിതമായ വീട്ടുപരിസരത്ത് ചുറ്റിക്കറങ്ങും. സുഷമയുടെ ശബ്ദം തിരിച്ചറിയും. മണം പിടിച്ച് തിരിച്ചുവരും. മിനിയേച്ചർ പിൻഷർ വിഭാഗത്തിൽപ്പെട്ട രണ്ട് മാസം പ്രായമുള്ള സ്‌നേഹയുടെ കണ്ണിൽ വെള്ളപ്പാട മൂടിയതിനാൽ അന്ധയാണ്. അവളുടെ മറയില്ലാത്ത സ്‌നേഹമാണ് ആ പേരിന് പിന്നിൽ. ജാക് റസ്സൽ ടെറിയർ വിഭാഗത്തിൽപെട്ട രണ്ട് വയസ്സുകാരൻ ഉണ്ണിക്കുട്ടനും വീട്ടിലെ താരമാണ്. പ്രശാന്തിനും സുഷമയ്ക്കുമിടയിൽ കിടന്നാലേ അവന് ഉറക്കം വരൂ. വ്യവസായിയായ ഭർത്താവ് പ്രശാന്തിനുമുണ്ട് നായപ്രേമം. വിഷ്ണുപ്രിയയും ഇന്ദ്രജിത്തുമാണ് ഇരുവരുടെയും മക്കൾ.


നായ്ക്കളെ ഇഷ്ടമായിരുന്നെങ്കിലും കടിക്കുമെന്ന് മാതാപിതാക്കൾ ഭയന്നിരുന്നു. എനിക്കാണെങ്കിൽ നായപ്രാന്തും. കേരളവർമ്മയിൽ പഠിക്കുമ്പോൾ പ്രണയസമ്മാനമായി ഞാൻ പ്രശാന്തിനോട് ചോദിച്ചു വാങ്ങിയ പോമറേനിയൻ പട്ടിയെ ഞാൻ ഉണ്ടമ്മയെന്ന് വിളിച്ചു. നായപ്രേമത്തെ വളർത്തിയത് ഉണ്ടമ്മയാണ്.

സുഷമ പ്രശാന്ത്‌

Advertisement
Advertisement