പേട്ട ഓവർബ്രിഡ്‌ജിലെ അറ്റകുറ്റപ്പണി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും

Thursday 26 August 2021 1:49 AM IST

തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്‌ജിന്റെ പാർശ്വഭിത്തി നിർമ്മാണം മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് നിർമ്മാണ ചുമതലയുള്ള കേരള റോഡ‌് ഫണ്ട് ബോർഡ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് പതിവായ ഇവിടെ അറ്റകുറ്റപ്പണി ഇഴയുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബോർഡിന്റെ പ്രതികരണം.

പാലത്തിന്റെ പാർശ്വഭിത്തി തകർന്നുവീണ ഭാഗത്ത് മാലിന്യക്കൂമ്പാരവും കൂറ്റൻ മരവും നിന്നതിനാലാണ് നിർമ്മാണം ആരംഭിക്കാൻ വൈകിയത്. പിന്നീട് നഗരസഭയ്‌ക്ക് കത്തുനൽകി മാലിന്യം നീക്കുകയും കളക്ടറുടെ അനുമതിയോടെ മരവും മുറിച്ച ശേഷമാണ് ജോലികൾ തുടങ്ങിയത്. എന്നാൽ പാർശ്വഭിത്തി നിർമ്മിക്കുന്നതിനുള്ള പാറ കിട്ടാതായതോടെ നിർമ്മാണം വീണ്ടും വൈകി. നിലവിലെ നിർമ്മാണത്തിനുവേണ്ട പാറ ലഭിച്ചെന്നും പ്രവൃത്തികൾ വൈകില്ലെന്നും റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.

നിലവിൽ പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കണ്ണമ്മൂലയിലേക്കുള്ള റോഡിലേക്കാണ് വഴി തിരിച്ചുവിടുന്നത്. ഇവിടെ നിന്ന് ഭഗത്‌സിംഗ് നഗറിലെ ഇടറോഡ് കയറിയും ചായക്കുടി ലൈൻ വഴിയുമാണ് വാഹനങ്ങൾ പേട്ടയിലേക്ക് പോകുന്നത്.

നിർമ്മിക്കേണ്ടത് 45 മീറ്റർ

45 മീറ്റർ ദൂരത്തിലാണ് പുനർനിർമ്മാണം നടത്തേണ്ടത്. 15 മീറ്റർ വീതം ഓരോ ഘട്ടങ്ങളായാണ് ജോലികൾ പുരോഗമിക്കുന്നത്. കൂടുതൽ ദൂരം പൊളിച്ചിട്ടാൽ വീണ്ടും ബുദ്ധിമുട്ടാകുമെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ വ്യക്തമാക്കി. ക്രോസ് ബെൽറ്റും മൾട്ടി ബെൽറ്റും ചെയ്‌താണ് പാർശ്വഭിത്തിയുടെ നിർമ്മാണം. മൂന്നുമാസമാണ് കാലാവധി പറഞ്ഞിരിക്കുന്നതെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ അതിന് മുമ്പ് ജോലികൾ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.

പദ്ധതി ചെലവ് - 60 ലക്ഷം രൂപ

കളക്ടറെയും റോഡ് ഫണ്ട് ബോർഡ് അധികൃതരെയും ഉൾപ്പെടുത്തി റിവ്യൂ മീറ്റിംഗ് വിളിക്കും. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകും. നഗരത്തിലെ പ്രധാന റോഡിലെ നിർമ്മാണം വൈകിക്കില്ല.

- മന്ത്രി ആന്റണി രാജു

Advertisement
Advertisement