താലിബാനെ അംഗീകരിക്കില്ലെന്ന് താജികിസ്ഥാൻ

Friday 27 August 2021 11:14 PM IST

ദുഷൻബെ: ഭീകരസംഘടനയായ താലിബാനെ അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്ഥാൻ. അക്രമണത്തിലൂടെയും അടിച്ചമർത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ അംഗീകരിക്കുന്നില്ലെന്ന് താജികിസ്ഥാൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ വ്യക്തമാക്കി.

പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താജികിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താജികിസ്ഥാൻ സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് ഇടക്കാല സർക്കാർ രൂപീകരിക്കാനും ഇസ്ലാമിക് എമിറേറ്റായി അഫ്ഗാനെ മാറ്റാനുമാണ് താലിബാന്റെ ശ്രമമെന്നും താജികിസ്ഥാൻ പറയുന്നു. അഫ്ഗാൻ എങ്ങനെയായിരിക്കണമെന്ന് ഹിതപരിശോധനയിലൂടെ നിർണയിക്കണമെന്നും രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിനെ എപ്പോഴും പിന്തുണയ്ക്കുന്നു.

നിയമത്തിനെതിരായി അഫ്ഗാനിൽ നടക്കുന്ന കാര്യങ്ങളെ അപലപിക്കുന്നു. എല്ലാ വിഭാഗം അഫ്ഗാനികളെയും കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഒരു സർക്കാരിനേയും അംഗീകരിക്കില്ല.

അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനം നിറഞ്ഞ ജനജീവിതം ഉറപ്പുവരുത്തണമെന്നും ഇമാമലി ആവശ്യപ്പെപ്പെട്ടു. അഫ്ഗാനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് താജികിസ്ഥാൻ.

Advertisement
Advertisement