180 കടക്കുന്നു റബർ, 8 വർഷത്തെ ഉയർന്ന വിലയിലേക്ക്

Friday 27 August 2021 12:00 AM IST

കോട്ടയം: എട്ടുവർഷത്തിന് ശേഷം റബർ വില റെക്കാഡിലേക്ക്: കിലോയ്ക്ക് 180 .

ഡിമാൻഡ് കൂടിയും ഉത്പാദനം കുറഞ്ഞും നിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. 2013ൽ 245 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് കുത്തനെ ഇടിഞ്ഞ് 100 രൂപ വരെ താഴ്ന്നു.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇറക്കുമതി കുറഞ്ഞതും മഴക്കാലത്ത് വെട്ടു കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയയിൽ വില ഇടിക്കാനുള്ള ടയർ ലോബിയുടെ കളി നടന്നില്ല. നാട്ടിലെ റബറിന് ഡിമാൻഡ് കൂടി. കൊവിഡിനെ തുടർന്ന് വാഹന വിപണിയിൽ ഉണർവുണ്ടായതും ഡിമാൻഡ് കൂടാൻ കാരണമാണ്. ഈ നില തുടർന്നാൽ റബർ വില 200 തൊടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എന്നാൽ 200 രൂപയിൽ വില എത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളുമായി ടയർ ലോബി രംഗത്തുണ്ട്. ആഭ്യന്തര വിപണിയിലെ ലഭ്യതക്കുറവും ഉയർന്ന ഡിമാൻഡും ചൂണ്ടിക്കാട്ടി ഇറക്കുമതി നീക്കം ശക്തമാക്കാനാണ് നീക്കം. കൊവിഡിനെ തുടർന്നുണ്ടായ കണ്ടെയ്നർ ക്ഷാമം ഇറക്കുമതിയെ ബാധിച്ചു. ഇത് മറി കടക്കാൻ കപ്പലിൽ എത്തിക്കാനാണ് ടയർ ലോബിയുടെ നീക്കം. ഇതിനും കാലതാമസമെടുക്കുമെന്നതിനാൽ ആഭ്യന്തര റബർ വില ഉടനെ ഇടിയാൻ സാദ്ധ്യതയില്ല.

 ലാറ്റക്സിന് വൻ ഡിമാൻഡ്

കൊവിഡ് വ്യാപനത്തിനൊപ്പം ഗ്ലൗസിനും റബർ ഉറകൾക്കും മറ്റും ഡിമാൻഡ് കൂടിയതോടെ ലാറ്റക്സിനും വില ഉയർന്നു. 185 രൂപയിലെത്തി. ഒട്ടു പാലിനും 115 രൂപ വരെ . മഴയത്ത് ഷീറ്റ് ഉണക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തും ഷീറ്റാക്കാനുള്ള ചെലവ് ലാഭിക്കാനും ലാറ്റക്സിനോട് കർഷകർ താത്പര്യം കാട്ടിത്തുടങ്ങി. കമ്പനികൾ ലാറ്റക്ല് വീടുകളിൽ വന്നെടുക്കുമെന്നതും വിപണന സൗകര്യമുള്ളതും ഒരു ഘടകമാണ് .

 വിദേശത്തും ഡിമാൻഡ് കൂടി

സ്വാഭാവിക റബറിൽ 43 ശതമാനം ഉപയോഗിക്കുന്നത് ചൈനയാണ് . കൊവിഡ് നിയന്ത്രണ വിധേയമായതോടെ വ്യവസായങ്ങൾ സജീവമായി. അതനുസരിച്ച് റബർ ഉത്പാദനം ഉണ്ടായില്ല. ഈ കുറവ് കാരണം റബർ ഇറക്കുമതിക്ക് ചൈന നിർബന്ധിതമായി. തായ് ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദനം കുറവായത് ക്ഷാമത്തിന് കാരണമായി.

Advertisement
Advertisement