74 കിലോ കഞ്ചാവ് പിടിച്ചു: കോയമ്പത്തൂർ ലോബിയെ വലയിലാക്കി എക്‌സൈസ് സംഘം

Friday 27 August 2021 12:00 AM IST

മഞ്ചേരി: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യകണ്ണിയായ കോയമ്പത്തൂർ ലോബിയെ വലയിലാക്കി എക്‌സൈസ്. തമിഴ്നാട്ടിൽ നിന്നും 74 കിലോ കഞ്ചാവും 37,000 രൂപയും പ്രത്യേക സംഘം പിടികൂടി. 'ഓപ്പറേഷൻ അക്ക' എന്ന പേരിൽ മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ടീം രൂപീകരിച്ചാണ് തമിഴ്‌നാട്ടിൽ പോയി തൊണ്ടി മുതലുകൾ കണ്ടെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് കാറിൽ കടത്തിയ പത്തര കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് കടത്തുന്ന അക്ക എന്ന മുരുഗേശ്വരി, അമീർ എന്നിവരടങ്ങുന്ന സംഘം കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചിരുന്നു.ഇതോടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി ഹാജ്യാരകത്ത് വീട്ടിൽ അമീറിനെ മഞ്ചേരി സബ് ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കോയമ്പത്തൂരിൽ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ചു വച്ച 74 കിലോ കഞ്ചാവ്, 37,​000 രൂപ എന്നിവ കണ്ടെടുത്തു. കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്‌സൈസ് സംഘം വിവരം ശേഖരിച്ചിട്ടുണ്ട്. ഇത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എക്‌സൈസ് സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അമീറും മുരുഗേശ്വരിയും 2 വർഷം മുൻപ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട്ടിൽ കമ്പത്ത് അറസ്റ്റിലായി ജയിലിൽ കിടന്നിട്ടുണ്ട്.

Advertisement
Advertisement