കൊവിഡിൽ അനാഥരായ കുട്ടികൾക്ക് സ്കൂൾ ഫീസിൽ ഇളവ് നൽകണം, സംസ്ഥാനങ്ങളോട് സുപ്രീംകോടതി

Friday 27 August 2021 12:00 AM IST

ന്യൂഡൽഹി: സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ ഫീസ് പൂർണമായും ഒഴിവാക്കാൻ സ്‌കൂളുകളോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ പകുതി സംസ്ഥാന സർക്കാർ നൽകുകയോ ചെയ്യണമെന്ന് സുപ്രീംകോടതി. ഈ അദ്ധ്യയന വർഷമെങ്കിലും സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന ഇത്തരത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നും കോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

ഇക്കാര്യം ഉറപ്പാക്കാൻ ശിശുക്ഷേമസമിതികളും ജില്ലാ വിദ്യാഭ്യാസ അധികൃതരും സ്വകാര്യ സ്‌കൂൾ അധികൃതരുമായി സംസാരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധമായും നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവുവും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

2020 മാർച്ചിന് ശേഷം കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെയും അച്ഛനമ്മമാരിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികളെയും സംസ്ഥാനങ്ങൾ മുൻകൈയെടുത്ത് കണ്ടെത്തണം. അടിയന്തരമായി കുട്ടികളുടെ വിവരങ്ങൾ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാല സ്വരാജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
ഇക്കാര്യം കഴിഞ്ഞ വർഷം മേയ് 28ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലും ജുവനൈൽ ഹോമുകളിലും കൊവിഡ് വ്യാപകമാകുന്നത് സംബന്ധിച്ച് 2020 മാർച്ചിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കർശന നിർദ്ദേശം നൽകിയത്.

Advertisement
Advertisement