അൽഅമീന്റെ തിരോധാനത്തിന് പിന്നിലും സ്വർണക്കടത്ത്? പൊലീസ് അന്വേഷണം ബംഗളുരുവിലേക്ക്

Friday 27 August 2021 12:00 AM IST

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് സംഘങ്ങളുടെ കരിപ്പൂർ മോഡൽ തട്ടിക്കൊണ്ടുപോകൽ തിരുവനന്തപുരത്തും നടന്നെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. കല്ലറ പാങ്ങോട് പുലിപ്പാറ കുന്നിൽ വീട്ടിൽ അൽഅമീനെയാണ്(24) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കാണാതായത്. കേരളം വിട്ട ഇയാൾ ബംഗളുരുവിലെത്തിയെന്ന് വിവരം ലഭിച്ചതോടെ കർണാടക പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസ്. അൽ അമീന്റെ ഫോട്ടോയും ഇയാൾ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ഉപയോഗിച്ച കാറിന്റെ ചിത്രങ്ങളും നമ്പരുൾപ്പെടെയുള്ള വിവരങ്ങളും കേരള പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു.

ഇക്കഴിഞ്ഞ 13ന് വൈകിട്ട് മലപ്പുറം മഞ്ചേരി സ്വദേശികളും പാങ്ങോട് സ്വദേശികളും ഉൾപ്പെട്ട ഒരു സംഘം അൽഅമീന്റെ വീട്ടിലെത്തിയപ്പോഴാണ് അൽഅമീൻ ദുബായിയിൽ നിന്ന് നാട്ടിലെത്തിയ വിവരം വീട്ടുകാർ അറിഞ്ഞത്. തങ്ങളുടെ സ്വർണം അൽഅമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും മലപ്പുറത്തു നിന്നെത്തിയവർ വീട്ടുകാരോടു പറ‍ഞ്ഞു. എയർപോർട്ടിൽ ഇറങ്ങിയ അൽ അമീൻ വീട്ടിലെത്തിയിട്ടുണ്ടെന്ന് കരുതിയാണ് സ്വർണകടത്ത് സംഘം എത്തിയത്. അൽ അമീൻ വീട്ടിലില്ലെന്ന് മനസിലാക്കിയതോടെ അവർ മടങ്ങി. തുടർന്ന് ബന്ധുക്കൾ അൽഅമീനെ വിമാനത്താവളത്തിൽ വച്ച് കാണാതായെന്ന് കാണിച്ച് വലിയതുറ പൊലീസിൽ പരാതി നൽകി. നിർദ്ധന കുടുംബാംഗമായ അൽ അമീന്റെ രക്ഷിതാക്കൾ കൂലിപ്പണിക്കാരാണ്.

മൂന്നര വർഷമായി പാങ്ങൽകുന്ന് സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അൽഅമീൻ ജോലി ചെയ്തിരുന്നത്. ശമ്പളം ലഭിച്ചിരുന്നില്ലെന്നും പിന്നീട് ഇയാളെ കടയിൽ നിന്ന് മാറ്റി മലപ്പുറം സ്വദേശിയെ പകരം നിയമിച്ചെന്നും മകൻ അറിയിച്ചിരുന്നതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. മാൻമിസിംഗിന് പൊലീസ് കേസെടുത്തെങ്കിലും സ്വർണകള്ളക്കടത്ത് സംഘങ്ങളെയും കവർച്ചക്കാരെയും ചുറ്റിപ്പറ്റിയാണ് പൊലീസിന്റെ അന്വേഷണം. മാത്രമല്ല ഗൾഫിൽ തൊഴിലില്ലാതെയും സാമ്പത്തികക്ളേശതയിലും കഴിഞ്ഞുവന്ന അൽ അമീൻ കടത്ത് സ്വർണം സ്വന്തം ആവശ്യത്തിന് വിനിയോഗിച്ചശേഷം കള്ളക്കടത്ത് സംഘങ്ങളെ ഭയന്ന് മാറി നിൽക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിലെത്തിയ അൽഅമീൻ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചുവെന്നും വാഹനം കണ്ണൂർ ഇരിട്ടി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഇയാൾ വിദേശത്ത് ബന്ധപ്പെട്ടതായും ഫോൺ രേഖകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement