കൊവിഡ്:തബല വാദകൻ ശുഭാങ്കർ ബാനർജി മരിച്ചു

Friday 27 August 2021 12:29 AM IST

ന്യൂഡൽഹി: പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ശുഭാങ്കർ ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ജൂലായ് 2നാണ് കൊവിഡിനെ ബാധിച്ച ശുഭാങ്കറിനെ കൊൽക്കത്ത മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. നിവേദിതയാണ് ഭാര്യ. ആഹരി, ആർച്ചിക് എന്നിവർ മക്കളാണ്.

പ്രശസ്ത സംഗീതജ്ഞ കാജൽരേഖ ബാനർജിയുടെ മകനാണ് ശുഭാങ്കർ ബാനർജി. നന്നേ ചെറുപ്പത്തിൽ അമ്മയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു. പണ്ഡിറ്റ് രവി ശങ്കർ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാൻ, പണ്ഡിറ്റ് ശിവ്കുമാർ വർമ തുടങ്ങിയ സംഗീതപ്രതിഭകൾക്കൊപ്പം ജുഗൽബന്ദി ചെയ്തിട്ടുണ്ട്. ബംഗാൾ സർക്കാറിന്റെ സംഗീത് സമ്മാൻ, സംഗീത് മഹാ സമ്മാൻ തുടങ്ങിയ ബഹുമതികൾ നേടി.

ശുഭാങ്കർ ബാനർജിയുടെ വിയോഗത്തിൽ ഉസ്താദ് അംജത് അലിഖാൻ, ഉസ്താദ് റാഷിദ് ഖാൻ, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ, ഉസ്താദ് സാക്കിർ ഹുസൈൻ തുടങ്ങിയവർ അനുശോചിച്ചു.

Advertisement
Advertisement