ജയിലിനുള്ളിലിരുന്ന് നിയമവിരുദ്ധ പ്രവർത്തനം:യുണിടെക് കേസിലെ പ്രതികളെ സുപ്രീംകോടതി ജയിൽ മാറ്റി, തീഹാർ ജയിൽ അധികൃതർക്ക് രൂക്ഷ വിമർശനം

Friday 27 August 2021 12:48 AM IST

ന്യൂഡൽഹി: ജയിലിനുള്ളിലിരുന്ന് അന്വേഷണത്തെ സ്വാധീനിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത യൂണിടെക് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിലെ പ്രതികളും സഹോദരന്മാരുമായ അജയ് ചന്ദ്ര, സഞ്ജയ് ചന്ദ്ര എന്നിവരെ ഇ.ഡിയുടെ നിർദ്ദേശത്തെത്തുടർന്ന് സുപ്രീംകോടതി ജയിൽ മാറ്റി. മുംബയിലെ ആർതർ റോഡ് ജയിലിലേക്കും തലോജ ജയിലിലേക്കുമാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഉൾപ്പെട്ട ബെഞ്ച് മാറ്രിയത്. തീഹാർ ജയിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ജയിൽ അധികൃതരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതായും അറിയിച്ചു. നാലാഴ്ചക്കുള്ളിൽ പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഇ.ഡിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

റിയൽ എസ്റ്റേറ്റ് കേസിൽ 750 കോടിയിൽ അധികം തട്ടിച്ചതിനാണ് 2017ൽ ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ കഴിയവെ ഇരുവരും ദക്ഷിണ ഡൽഹിയിലെ രഹസ്യസങ്കേതത്തിലെ ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായാണ് ഇ.ഡി. കണ്ടെത്തിയത്. ഒപ്പം കേസ് അട്ടിമറിക്കാനും ഇരുവരും ശ്രമിക്കുന്നുവെന്നും ഇ.ഡി. ആരോപിച്ചു.

Advertisement
Advertisement