ഇതരമതസ്ഥനെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളോടുള്ള വിവേചനം: കേന്ദ്രത്തിന് നോട്ടീസ്

Saturday 28 August 2021 12:00 AM IST


വിഷയം ശബരിമല വിശാല ബെഞ്ചിന്റെ പരിധിയിലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇതരമതസ്ഥനെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളെ മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നടക്കുന്ന ചടങ്ങിൽ പോലും പങ്കെടുപ്പിക്കാത്തത് ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പാഴ്സി വിശ്വാസപ്രകാരം ഇതരമതസ്ഥനെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് സ്വന്തം മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നിടത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ വരെ മാത്രമെ പ്രവേശനമുള്ളൂ. ഒപ്പം അവരുടെ കുട്ടികളേയും പാഴ്സിമതം അംഗീകരിക്കില്ല. എന്നാൽ ഇതരമതസ്ഥയെ വിവാഹം ചെയ്യുന്ന പാഴ്സി പുരുഷന് ഈ നിയമം ബാധകമല്ല.വിവാഹം കഴിച്ചെത്തുന്ന യുവതിക്ക് പാഴ്സി പള്ളികളിൽ പ്രവേശനം ഇല്ല. ആ ബന്ധത്തിലുള്ള കുട്ടികൾക്ക് ആരാധനയ്ക്ക് സ്വാതന്ത്രമുണ്ട്. ഇത് ചോദ്യം ചെയ്താണ് മുംബൈയ് സ്വദേശി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

എന്നാൽ പാഴ്സി സ്ത്രീകളുടെ അടക്കം വിഷയങ്ങൾ ശബരിമല വിശാലബെഞ്ച് പരിഗണിക്കുന്നുണ്ടെന്നും അതിനാൽ നിലവിൽ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്നും ബെഞ്ച് ആദ്യം വ്യക്തമാക്കി. പക്ഷേ വിശാലബെഞ്ച് പ്രശ്നം പരിഗണിച്ച് പരിഹാരം കണ്ടെത്തും വരെ ഈ അവസ്ഥ തുടരാനാകില്ലെന്ന ഹർജിക്കാരിയുടെ അപേക്ഷയിൽ നോട്ടീസ് അയക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Advertisement
Advertisement