പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റി: സ്പീക്കർ

Saturday 28 August 2021 12:00 AM IST

#പ്രീതികുളങ്ങര ടി.എം.പി.എൽ.പി. സ്‌കൂളിലെ ഹൈടെക് മന്ദിരം നാടിനു സമർപ്പിച്ചു

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കലവൂർ പ്രീതികുളങ്ങര ടി.എം.പി. എൽ.പി സ്‌കൂളിലെ ഇരുനില ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ ഉണ്ടാകില്ല. സ്‌കൂളുകൾ മികച്ചതായപ്പോൾ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുകയുംഅക്കാദമിക നിലവാരം ഉയരുകയും ചെയ്യും. സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കമിട്ടപ്പോൾ രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് അതിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും എം.ബി.രാജേഷ് പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസൺ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ എം.രജീഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.കെ. ഷൈനി, പി.ടി.എ പ്രസിഡന്റ് വിശ്വരാജൻ, പഞ്ചായത്ത് ഫാക്കൽറ്റി വി.വി.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement