ഫിനോമിനൽ തട്ടിപ്പ്: മുഖ്യ കണ്ണി റാഫേൽ പിടിയിലാവുന്നതും കാത്ത് നിക്ഷേപകർ

Friday 27 August 2021 11:35 PM IST

തൃശൂർ: ഫിനോമിനൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ചുക്കാൻ പിടിച്ചത് കൊരട്ടി സ്വദേശി കെ.ഒ. റാഫേലെന്ന് മുൻ ജീവനക്കാർ. ഇദ്ദേഹത്തിന്റെ മകൻ ബിനോയ് റാഫേലും മറ്റ് ചില ബന്ധുക്കളും ഡയറക്ടർ ബോർഡിലുണ്ടായിരുന്നു. തട്ടിപ്പ് പുറത്തായത് മുതൽ ഇവർ ഒളിവിലാണ്.
കമ്പനി ചെയർമാൻ എൻ. കെ. സിംഗുമായി റാഫേലിന് നല്ല അടുപ്പമുണ്ടായിരുന്നത്രെ. ഭൂമി വാങ്ങൽ, കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ചുക്കാൻ പിടിച്ചതും പ്രധാനമായും റാഫേലും കൂട്ടരുമാണ്. തെക്കേമഠത്തിൽ ശ്രീധരൻ നായർ, സി. ടി. തോമസ്, സെബാസ്റ്റ്യൻ മാളിയേക്കൽ, കെ. എ. ജിഫി എന്നിവർക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു.

കമ്പനി തകർച്ചയിലേക്ക് നീങ്ങിയതോടെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നവരും പല വിധത്തിലും പണം മുക്കാൻ തുടങ്ങി.

ചാലക്കുടിയിലെ സ്ഥലം മതിപ്പുവിലയിലും കുറച്ചു വിറ്റതിൽ ഒളിവിലുള്ള പ്രതികൾക്ക് പങ്കുള്ളതായാണ് മുൻ ജീവനക്കാരുടെ ആരോപണം. പല വഴിയിലും വെട്ടിച്ച പണം ഭൂമിയും കെട്ടിടങ്ങളുമായി ബിനാമി പേരുകളിൽ നിക്ഷേപിച്ചതായും പറയുന്നു. ഇതിന്റെ ചുരുളഴിയണമെങ്കിൽ ഒളിവിൽ കഴിയുന്നവർ പിടിയിലാവണം.

അറസ്റ്റിലായ കമ്പനി ചെർമാൻ എൻ. കെ. സിംഗിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിവിലുള്ളവരിൽ ചിലരെയെങ്കിലും പിടികൂടാനാവുമെന്നാണ് കരുതുന്നത്. സിംഗ് പിടിയിലായതോടെ നിക്ഷേപകരും പ്രതീക്ഷയിലാണ്.
ഹൈക്കോടതിയിൽ ഉൾപ്പെടെ ഫിനോമിനലിനെതിരെ കേസുണ്ട്. മുടക്കുമുതലിന്റെ പകുതിയെങ്കിലും കിട്ടിയാൽ മതിയെന്ന് പല നിക്ഷേപകരും കരുതുന്നുണ്ട്. പകുതി കിട്ടിയാൽ പരാതികൾ പിൻവലിക്കാനും പലരും തയ്യാറാണ്.
സ്‌പെഷ്യൽ ഇക്കണോമി, സിംഗിൾ ഇക്കണോമി, ജോയിന്റ് ഇക്കണോമി, ഫാമിലി ഇക്കണോമി, സിംഗിൾ എക്‌സിക്യുട്ടീവ്, ജോയിന്റ് എക്‌സിക്യുട്ടീവ്, ഫാമിലി എക്‌സിക്യുട്ടീവ് എന്നിങ്ങനെയാണ് പദ്ധതികളിൽ അംഗത്വം നൽകിയിരുന്നത്. ഓരോ അംഗത്തിനും വ്യത്യസ്ത ആനുകൂല്യങ്ങളാണ്. സ്‌പെഷ്യൽ ഇക്കണോമി അംഗത്വത്തിൽ വർഷത്തിൽ ആറ് തവണ സൗജന്യ വൈദ്യപരിശോധനയും ഇക്കണോമി അംഗത്വത്തിൽ 10 തവണയും എക്‌സിക്യുട്ടീവ് മെമ്പർമാർക്ക് 20 തവണയുമായിരുന്നു. ചേരുന്നവർക്ക് അംഗത്വ സർട്ടിഫിക്കറ്റ് നൽകും. 100 മുതൽ 200 രൂപ വരെ രജിസ്‌ട്രേഷൻ ഫീസും ഈടാക്കിയിരുന്നു.

Advertisement
Advertisement