ഭരണമാറ്റവും വേട്ടയാടലും

Saturday 28 August 2021 1:32 AM IST

ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന പൊലീസുകാർ ഭരണമാറ്റമുണ്ടാകുമ്പോൾ വേട്ടയാടപ്പെടുന്നത് മോശം പ്രവണതയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹം ചുമത്തിയതിനെതിരെ ഛത്തീസ്‌ഗഢ് മുൻ ഡി.ജി.പി ഗുർജീന്ദർപാൽ സിംഗ് നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ വിമർശനം നടത്തിയത്.

ഇത് ഛത്തീസ്‌‌ഗഢിലെ മാത്രം വിഷയമല്ല. രാജ്യത്തെ ഏതു സംസ്ഥാനത്തും ഭരണമാറ്റം സംഭവിക്കുമ്പോൾ നടന്നിട്ടുള്ളതും ഇനിയും നടക്കാനിടയുള്ളതുമാണ്.

ഒരു പ്രത്യേക രാഷ്ട്രീയ കക്ഷി അധികാരത്തിൽ വരുമ്പോൾ പൊലീസ് ഓഫീസർമാർ അവരുടെ പക്ഷം ചേർന്നു നിൽക്കുകയും ഭരിക്കുന്ന പാർട്ടിയുടെ പ്രീതി നേടാൻ എതിർ കക്ഷിക്കാരെ നിയമം ദുരുപയോഗം ചെയ്ത് ഉപദ്രവിക്കുകയും ചെയ്യുന്നു. അടുത്ത തവണ മറ്റൊരു പാർട്ടി ഭരണത്തിലെത്തുമ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകളെടുക്കുന്നു. ഇത്തരം അലോസരപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണെന്നാണ് സുപ്രീംകോടതി നടത്തിയിരിക്കുന്ന നിരീക്ഷണം.

ഹർജി സമർപ്പിച്ച സിംഗ് 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. താൻ ബി.ജെ.പി അനുഭാവിയാണെന്ന് കണ്ട് ഭരണത്തിലുള്ള കോൺഗ്രസ് സർക്കാർ പകപോക്കുന്നുവെന്നാണ് ആരോപണം.

ഓരോ കക്ഷികൾ അധികാരത്തിൽ വരുമ്പോഴും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരു കൂട്ടം സ്വന്തം ആളുകളായി ചമഞ്ഞ് പക്ഷം പിടിക്കാറുണ്ടെന്നത് എല്ലാ സംസ്ഥാനത്തും കാണാറുള്ളതാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആളാണ് താൻ എന്ന് കാണിക്കാൻ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ചും പൊലീസ് സേനയിലെ ഉന്നതർ പല വഴികളും തേടും. കൊച്ചുമക്കളെ കളിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വഴികൾ തേടുന്നവരും കുറവല്ല. ഇങ്ങനെ സ്വന്തം ആളായി മാറാൻ ശ്രമിക്കുന്നവരിൽ ഭൂരിപക്ഷവും മികവിന്റെ കാര്യത്തിൽ പിറകോട്ടായിരിക്കും. നിയമം അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ അതിനപ്പുറം പോയി കളിക്കുമ്പോഴാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ കൂട്ടായ്മകൾ ക്രമേണ ഒരു ഉപജാപകവൃന്ദത്തിന്റെ മേലങ്കി അണിയുകയും യഥേഷ്ടം വിലസുകയും ചെയ്യും. ഇതിനിടെ ഇവർ എതിർ കക്ഷികളുടെ നോട്ടപ്പുള്ളികളായി മാറുകയും ചെയ്യും.അനാവശ്യ ഇടപെടലിന് വഴങ്ങാതെ നേരെ ചൊവ്വെ ഭരണപരമായ നടപടികൾ എടുക്കുന്ന മികവുള്ള ഉദ്യോഗസ്ഥരാണ് ഇവർക്കിടയിൽക്കിടന്ന് കൂടുതൽ വലയുന്നത് .ഉദ്യോഗസ്ഥർ അവരുടെ പദവിയുടെ അന്തസും ആഭിജാത്യവും വിട്ട് രാഷ്ട്രീയക്കാരോടൊപ്പം ചേർന്ന് കളിക്കാൻ ഇറങ്ങുന്നത് ഏറ്റവും തെറ്റായ രീതിയാണ്. അധികാരം നഷ്ടപ്പെട്ടാൽ ഇവർ പിന്നീട് രാഷ്ട്രീയ നേതാവിനെ തിരിഞ്ഞുപോലും നോക്കാറില്ലെന്നതാണ് പതിവ്.

Advertisement
Advertisement