അനാചാരങ്ങളെ ചാരമാക്കിയ അഗ്നിപർവ്വതം

Saturday 28 August 2021 1:43 AM IST

കേരള നവോത്ഥാനത്തിലെ അഗ്നിപർവ്വതമായിരുന്നു അയ്യങ്കാളി. സഹസ്ര സൂര്യ കിരണങ്ങളുടെ താപത്തോടെ ആ അഗ്നിപർവ്വതം നിരന്തരം പൊട്ടിത്തെറിച്ച് ചാതുർവർണ്യത്തിന്റെ തത്വസംഹിതകൾ വെണ്ണീറാക്കുകയായിരുന്നു. വിലക്കുകളുടെ വേലിക്കെട്ടുകൾ അദ്ദേഹം പൊട്ടിച്ചെറിഞ്ഞു. അടിയാളത്വം വിധിയല്ലെന്നും നെഞ്ചുനിവർത്തി നിന്ന് ചോദ്യം ചെയ്യേണ്ട അനീതിയാണെന്നും പിന്നാക്കജനതയെ ബോദ്ധ്യപ്പെടുത്തി.'തടയാൻ ധൈര്യമുള്ളവർ തടയെടാ' എന്ന വെല്ലുവിളിയോടെ ആണ് അദ്ദേഹം ചാതുർവണ്യത്തിനെതിരായ അശ്വമേധം നയിച്ചത്.

ചാതുർവർണ്യത്തിന്റെ ചാട്ടവാറടികൾ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ തന്നെ പട്ടികജാതിക്കാരാണ്. നൂറ് വർഷങ്ങൾക്കപ്പുറം ഈഴവ, പട്ടികജാതി വിഭാഗങ്ങൾ മനുഷ്യരായിപ്പോലും കണക്കാക്കപ്പെട്ടിരുന്നില്ല. മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നതിനൊപ്പം സവർണ മാടമ്പിമാരുടെ ക്രൂരവിനോദങ്ങൾക്കുള്ള ഇരകളായിരുന്നു അന്ന് പിന്നാക്ക വിഭാഗങ്ങൾ. ഈ ദുർവ്യവസ്ഥയ്ക്കെതിരെ ഗുരുദേവൻ തെളിച്ച നവോത്ഥാനത്തിന്റെ സൂര്യവെളിച്ചം പരന്നുതുടങ്ങിയപ്പോഴാണ് അയ്യങ്കാളി ഒരു അഗ്നിജ്വാലയായി രംഗപ്രവേശം ചെയ്യുന്നത്. സവർണന്മാർ ബൗദ്ധികമായി അടിച്ചേൽപ്പിച്ച അടിയാളത്വത്തെ ബലപ്രയോഗത്തിലൂടെ തച്ചുടയ്ക്കുന്നതായിരുന്നു അയ്യങ്കാളിയുടെ ശൈലി. നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ പിടിച്ചുവാങ്ങിയാണ് അദ്ദേഹം ചരിത്രത്തിൽ വീരപുരുഷനായി നിറഞ്ഞത്.

1893-ൽ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര കേവലം സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കൽ മാത്രമായിരുന്നില്ല. അക്കാലത്ത് നാട്ടുരാജാക്കന്മാരുടെ കുത്തകയായിരുന്ന വില്ലുവണ്ടിയിൽ നാട്ടുപ്രമാണിയെപ്പോലെ മിന്നുന്ന തലപ്പാവ് വച്ച്, അരയിൽ കഠാര തിരുകി രാജകീയമായിട്ടായിരുന്നു ആ യാത്ര. ആ പ്രയാണത്തിന് മുന്നിൽ വസ്ത്രധാരണം, അധികാര ചിഹ്നം, ആയുധം എന്നിവയുമായി ബന്ധപ്പെട്ട് ചാതുർവർണ്യത്തിന്റെ ചട്ടങ്ങളും ചാരമാക്കപ്പെട്ടു. പിന്നീട് പിന്നാക്ക വിഭാഗക്കാരായ സ്ത്രീകൾ മാറുമറച്ചത് ചോദ്യം ചെയ്യപ്പെട്ടപ്പോഴും അവർണർക്കായി പണിത പള്ളിക്കൂടം സവർണർ തകർക്കാൻ എത്തിയപ്പോഴും പടനായകനായാണ് അയ്യങ്കാളി പ്രതിരോധിച്ചത്. ഇങ്ങനെ നിഷേധിക്കപ്പെട്ടിരുന്ന സ്വഞ്ചാര സ്വാതന്ത്ര്യം രാജകീയമായി യാത്ര ചെയ്തും. അന്യമായിരുന്ന അക്ഷരം പള്ളിക്കൂടങ്ങൾ പണിഞ്ഞും പണിമുടക്കിയും അയ്യങ്കാളി നേടിയെടുക്കുകയായിരുന്നു.

ഗുരുദേവനും അയ്യങ്കാളിയും അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ കാലദൈർഘ്യം വളരെ പരിമിതമാണ്. ആ ചെറുകാലത്തിനിടയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അനാചാരങ്ങളാണ് അട്ടിമറിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങളാണ് പിടിച്ചുവാങ്ങിയത്. പക്ഷെ നവോത്ഥാനാനന്തര കാലത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ അജണ്ട ഇപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീതിപ്പെടുത്തൽ മാത്രമാണ്. ഒരു ന്യൂനപക്ഷ വിഭാഗത്തെ വേദനിപ്പിക്കാതെ രണ്ടാമത്തെ വിഭാഗത്തെ എങ്ങനെ തൃപ്തിപ്പെടുത്താമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങൾചിന്തിക്കുന്നത്. അതിന് മുൻപേ സാമ്പത്തിക സംവരണം ഏർപ്പെടുത്തി മുന്നാക്ക വിഭാഗങ്ങളെ പ്രീതിപ്പെടുത്തി കഴിഞ്ഞു. പക്ഷെ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കുന്നില്ല. സംവരണം കൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ ദുർബലാവസ്ഥ എത്രമാത്രം പരിഹരിക്കപ്പെട്ടുവെന്ന് പരിശോധിക്കുന്നില്ല. ഇനിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.

വിദ്യാഭ്യാസ കോഴ്സുകൾക്കും ഉദ്യോഗങ്ങളിലേക്കുമുള്ള പ്രവേശനം പോലെ തന്നെ വിവിധ മതസംഘടനകളുടെയും സാമുദായിക പ്രസ്ഥാനങ്ങളുടെയും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അതത് വിഭാഗങ്ങളുടെ ജനസംഖ്യയും തമ്മിൽ താരതമ്യം ചെയ്യപ്പെടണം. ഒറ്റനോട്ടത്തിൽ തന്നെ വലിയ അനീതി നിലനിൽക്കുന്നു എന്നായിരിക്കും ഈ താരതമ്യത്തിന്റെ ഉത്തരം. കൂടുതൽ ശാസ്ത്രീയമായ താരതമ്യത്തിന് പിന്നാക്കജനവിഭാഗങ്ങളുടെ ജനസംഖ്യ കൃത്യമായി കണക്കാക്കപ്പെടണം. അതിന് ജാതി സെൻസസ് നടക്കണം. അയ്യങ്കാളി ഇന്നുണ്ടായിരുന്നെങ്കിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന അവശ്യം ഇതായേനെ. അനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കപ്പെടാതിരിക്കുന്നത് പഴയ ചാതുർവർണ്യവ്യവസ്ഥിതിക്ക് സമാനമായ അവസ്ഥയാണ്.

മുറ്റത്ത് നട്ടുവളർത്തിയ വാഴ കുലച്ച് വിളഞ്ഞപ്പോൾ ജന്മി വെട്ടിക്കൊണ്ടുപോകുന്നത് കണ്ണീർവാർത്ത് നോക്കിനിൽക്കേണ്ടി വന്ന മലയപ്പുലയന്റെ ആരുമക്കിടാങ്ങളുടെ അവസ്ഥയിലാണ് ഇപ്പോഴും കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അതിന് അയ്യങ്കാളിയുടേത് പോലെ അധികാര കേന്ദ്രങ്ങളെ വിറപ്പിക്കുന്ന ഇടപെടലുകൾക്ക് നാം തയ്യാറാകണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നായർ സമുദായാംഗമാണ് തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ പുലയസമുദായത്തെ പ്രതിനിധീകരിച്ചിരുന്നത്. അയ്യങ്കാളിയുടെ ജനപിന്തുണ കണക്കിലെടുത്താണ് അദ്ദേഹത്തെ പ്രജാസഭയിലേക്ക് പിന്നീട് തിരഞ്ഞെടുത്തത്. പ്രജാസഭയിലെ അയ്യങ്കാളിയുടെ ആദ്യപ്രസംഗം സഭയിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ആവശ്യപ്പെട്ടായിരുന്നു. അതിങ്ങനെയായിരുന്നു.'' ഞങ്ങൾ ആറുലക്ഷം ആളുകളുണ്ട്. ഓരോ ലക്ഷത്തിനും ഓരോ പ്രതിനിധിയെ വീതം അനുവദിക്കണം.'' അയ്യങ്കാളിയുടെ ഒരു നൂറ്റാണ്ട് മുൻപുള്ള ഈ ആവശ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഓരോ വിഭാഗത്തിന്റെയും ജനസംഖ്യ കണക്കാക്കപ്പെടണം. ജനസംഖ്യാനുപാതികമായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നീതി നടപ്പാക്കപ്പെടണം.

Advertisement
Advertisement