വേദനയായി അഫ്ഗാൻ ജനത, താലിബാനേയും കടത്തി വെട്ടി ഐസിസ് കെ

Saturday 28 August 2021 3:25 AM IST

കാബൂൾ : യുദ്ധങ്ങളും അടിക്കടിയുള്ള ഭീകരാക്രമണങ്ങളിൽ നിന്നും മോചനമില്ലാത്ത അഫ്ഗാൻ ജനത ലോകമനസാക്ഷിക്ക് മുന്നിൽ നോവായി തുടരുന്നു. താലിബാനും അഫ്ഗാൻ സേനയും തമ്മിൽ മാസങ്ങളായി തുടരുന്ന രക്ത രൂഷിതമായ യുദ്ധത്തിന്റെ മുറുവുണങ്ങും മുൻപേയാണ് രാജ്യത്തെ നടുക്കി 110 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനം കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിൽ വ്യാഴാഴ്ച നടന്നത്. ഇതോടെ സമാധാനവും ശാന്തിയും നിറഞ്ഞ ഒരു ജീവിത സാഹചര്യം ഇനിയും ഏറെ അകലെയാണെന്ന തിരിച്ചറിവിൽ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനുള്ള അവസാന വഴിയും തേടുകയാണ് അഫ്ഗാൻ പൗരന്മാർ. വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് യു.എസും ബ്രിട്ടനും ആവർത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും വിമാനത്താവളത്തിന് മുന്നിൽ നേരിയ പ്രതീക്ഷയുമായി കാത്തു നിന്ന നിരവധി പേരുടെ ജീവനാണ് ഇരട്ട സ്ഫോടനത്തിൽ പൊലിഞ്ഞത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് കെ ( ഐസിസ് ഖൊരാസൻ ) ഏറ്റെടുത്തു. എന്നാൽ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത താലിബാൻ തീവ്രവാദികൾക്കാണ് ഈ ആക്രമണം കനത്ത തിരിച്ചടിയായത്. ആക്രമണത്തിൽ 28 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടെന്നും ഒട്ടവനധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ, ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവർത്തനം നടത്താൻ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്ന് വീമ്പ് പറഞ്ഞ താലിബാന് അത് എത്രത്തോളം തടയാൻ കഴിയുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾ സംശയം പ്രകടിപ്പിച്ച് കഴിഞ്ഞു.

2014ൽ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന സ്ഥാപിതമായപ്പോൾ അഫ്ഗാനിൽ രൂപംകൊണ്ട ഉപവിഭാഗമാണ് ഐസിസ് ഖൊരാസൻ ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനിൽനിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകിയതാണിത്. പാകിസ്ഥാനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. മതനിഷേധികൾ എന്നാരോപിച്ച് ഷിയ വിഭാഗക്കാർക്കെതിരെയാണ് ഇവർ പ്രധാനമായും ആക്രമണം അഴിച്ച് വിടുന്നത്. താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയപ്പോൾ മറ്റ് ഭീകര സംഘടനകളെ പോലെ അവരെ അഭിനന്ദിക്കാൻ ഐസിസ് തയ്യാറായില്ലെന്നു മാത്രമല്ല ഐസിസ് ഖൊരാസനും താലിബാനും തമ്മിൽ ശത്രുതയിലുമാണ്. വിശ്വാസത്തെ ത്യജിച്ചവരാണ് ഐസിസ് ഖൊരാസനെന്ന് താലിബാനും ജിഹാദിന്റെ ഉദ്ദേശ്യത്തെ ഉപേക്ഷിച്ചവരാണെന്ന് താലിബാനെന്ന് ഐസിസും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.

കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് കമല ഹാരിസ്

വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിലെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിൽ 13 യു.എസ് സൈനികർ അടക്കം 110 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കിയെ ജീവൻ പൊലിഞ്ഞ സൈനികർ വീരന്മാരാണെന്ന് കമല ഹാരിസ് വിശേഷിപ്പിച്ചു. നമുക്ക് നഷ്ടപ്പെട്ട അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമേരിക്കക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ദുഖമുണ്ടെന്നും കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാൻ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അഫ്ഗാൻ സൈന്യത്തിന് അമേരിക്ക പിന്തുണ നല്കിയില്ല :സി.ഐ.എ മുൻമേധാവി

അമേരിക്കൻ സൈന്യം പിന്തുണ നല്കാത്തതിനാലാണ് താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കാൻ പ്രധാന കാരണമെന്ന് സി.ഐ.എ മുൻ ഡയറക്ടറും അഫ്ഗാനിലെ മുൻ യു.എസ്. കമാൻഡറുമായ ജനറൽ ഡേവിഡ് പട്രേയസ് പറഞ്ഞു.

യു.എസ്. സൈന്യത്തിന്റെ വ്യോമ പിന്തുണ ഉണ്ടായിരുന്നെങ്കിൽ അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ കീഴടങ്ങില്ലായിരുന്നു. യു.എസ്. സൈന്യം പിൻവാങ്ങിയതോടെ തുടരെ തുടരെയുണ്ടായ ആക്രമങ്ങൾ മൂലമുണ്ടായ നാശനഷ്ടം അവരുടെ മനോവീര്യത്തെ ബാധിച്ചു. തങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ലെന്ന കാര്യം അഫ്ഗാൻ സൈന്യം തിരിച്ചറിഞ്ഞതോടെ കാര്യമായ പോരാട്ടം കാഴ്ച വെയ്ക്കാതെ അവർ കീഴടങ്ങി. താലിബാന്റെ വിജയത്തിന് പിന്നിൽ പാകിസ്ഥാന്റെ പിന്തുണയും പ്രധാന ഘടകമായി പ്രവർത്തിച്ചുവെന്ന് പട്രേയസ് കൂട്ടിച്ചേർത്തു. അഫ്ഗാനിലെ നിലവിലെ സ്ഥിതിയെ ഹൃദയഭേദകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
Advertisement