കാബൂൾ ആക്രമണത്തിനു പിന്നിലുള്ള തീവ്രവാദ സംഘടനയുടെ പ്രധാന ലക്ഷ്യം ഇന്ത്യ, കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തവരിൽ പ്രധാനികൾ

Saturday 28 August 2021 9:34 AM IST

ന്യൂഡൽഹി: കാബൂളിൽ സ്ഫോടനാക്രമണം നടത്തിയ ഐസിസിന്റെ ഭാഗമായ ഐ എസ് കെയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് ഇന്റലിജൻസ് വിഭാഗത്തിന് സൂുചന ലഭിച്ചു. ഇന്ത്യയെ ഖിലാഫത്ത് നിയമത്തിനു കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ അഫ്‌ഗാനിസ്ഥാനിലെ ഖൊറാസൻ മേഖല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഇസ്ലാമിക്ക് സ്റ്റേറ്റ് ഖൊറാസൻ എന്ന് ഐ എസ് കെ, കേരളത്തിൽ നിന്നും മുംബയിൽ നിന്നും യുവാക്കൾക്കു പരിശീലനം നൽകി തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

തങ്ങളുടെ പദ്ധതി നടപ്പിലാക്കാനായി നിരവധി യുവാക്കൾക്ക് പരിശീലനം നൽകി സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും അനുയോജ്യമായ അവസരം ലഭിച്ചാൽ ഒരു ബോംബ് സ്ഫോടന പരമ്പര തന്നെ രാജ്യത്ത് നടത്താൻ ഇവർക്ക് സാധിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

താലിബാന്റെ എതിർചേരിയിൽ ഉള്ള ഇവർ ഇപ്പോൾ കാബൂൾ ആക്രമണം നടത്തിയതു തന്നെ അഫ്‌ഗാനിസ്ഥാനു ഉറപ്പു നൽകിയ സുരക്ഷിതത്വം നൽകാനുള്ള ശേഷി താലിബാനില്ല എന്നു കാണിക്കുന്നതിനു വേണ്ടിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥ‌ർ കരുതുന്നു. ഇതു കൂടാതെ ഇന്ത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ജയ്ഷ് ഇ മുഹമ്മദും ലഷ്കർ ഇ ത്വയ്ബയും തങ്ങളുടെ ആസ്ഥാനം പാകിസ്ഥാനിൽ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഐ എസ് കെയ്ക്ക് ഇവരുടെ സഹായവും ലഭിക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിനു സംശയമുണ്ട്.

Advertisement
Advertisement