മൃതദേഹാവശിഷ്ടം : അന്വേഷണം വ്യാപിപ്പിച്ചു കൊലപാതക സാദ്ധ്യത തള്ളാതെ പൊലീസ്

Sunday 29 August 2021 12:54 AM IST

വൈക്കം : ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ നിന്ന് പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴി മത്സ്യസ്യകൃഷിക്കായി വൃത്തിയാക്കുന്നതിനിടയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. കൊലപ്പെടുത്തിയ ശേഷം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. കോട്ടയം താഴത്തങ്ങാടിയിൽ നിന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് കാണാതായ ദമ്പതികളുടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെടുത്തി അന്വഷിക്കുന്നുണ്ട്. കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കാണാതായ ദമ്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ചെമ്മനത്തുകരയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റേതാണെന്നും പത്തു വർഷത്തോളം പഴക്കമുണ്ടെന്നുമാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം. ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽ നിന്ന് കാണാതായ ദമ്പതികളുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കാണാതായ വിമുക്തഭടനുമായി സാമ്യം

പത്തു വർഷം മുമ്പ് കാണാതായെ വൈക്കം സ്വദേശിയായ വിമുക്ത ഭടനും വൈക്കം പോളശേരി സ്വദേശിയുടേയും ബന്ധുക്കളുടെ രക്തസാമ്പിളുകൾ പൊലിസ് ശേഖരിച്ചിരുന്നു. വിമുക്തഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിെലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. വിമുക്തഭടന്റെ കാലിലെ ഒടിവ് ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്ത നിലയിലാണ്. മദ്യപിച്ച് പ്രശ്നക്കാരനായിരുന്ന ഇദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന സംശയമാണ് പൊലീസിന്.

വിപുലമായ അന്വേഷണസംഘം

സംഭവത്തിലെ ചുരുളഴിക്കാൻ വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്​റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ട് കൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറി.

Advertisement
Advertisement