വീടിന്റെ ബേസ്മെന്റിൽ നിന്ന് കിട്ടിയത് 45ലേറെ വിഷപ്പാമ്പുകളെ, വീഡിയോ കണ്ട് ലോകം ഞെട്ടി
ടെക്സാസ് : വീട്ടിലെ കേബിളിന് ചെറിയൊരു പ്രശ്നം. ഇപ്പം ശരിയാക്കിത്തരാം എന്നുപറഞ്ഞ് അത്യാവശ്യം പണിസാധനങ്ങളുമെടുത്ത് വീട്ടുടമ കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലെത്തി. പ്രശ്നമുള്ള കേബിൾ കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്.
അവിടം നിറയെ വിഷപ്പാമ്പുകൾ. ഒന്നും രണ്ടുമല്ല മാരക വിഷമുള്ള നാൽപ്പത്തഞ്ചു പാമ്പുകളെയാണ് അവിടെ കണ്ടത്. ടെക്സാസിലാണ് സംഭവം. ഇത്രയധികം പാമ്പുകളെ ഒരുമിച്ചുകണ്ടതോടെ വീട്ടുകാരൻ ഭയംകൊണ്ട് വിറയ്ക്കാൻ തുടങ്ങി. അല്പംകഴിഞ്ഞ് ധൈര്യംവീണ്ടെടുത്ത അയാൾ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു.
സർവസന്നാഹങ്ങളുമായി എത്തിയ അവരും ഇത്രയധികം പാമ്പുകളെ കണ്ടതോടെ വിറച്ചു. ഒടുവിൽ കഷ്ടപ്പെട്ട് എല്ലാത്തിനെയും പിടികൂടി. ഇതിൽ ചിലതിന് അഞ്ചടിയിലേറെ നീളമുണ്ടായിരുന്നു പാമ്പുകളെ പിടികൂടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച സംഘം അത് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്തു. 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം 15 ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു.