കെട്ടടങ്ങാതെ പ്രതിഷേധം; തലവേദന ! മാസ്റ്റർ പ്ലാൻ കീറാമുട്ടി

Saturday 28 August 2021 11:47 PM IST

തൃശൂർ : സമരവുമായി മുന്നോട്ട് പോകാനുള്ള പ്രതിപക്ഷ തീരുമാനത്തിനിടെ, വികസനം നടപ്പാക്കാൻ മാസ്റ്റർ പ്ലാൻ നടപ്പാക്കൽ എങ്ങനെയെന്ന ആശങ്കയിലാണ് ഭരണപക്ഷം.

55 അംഗ കൗൺസിലിൽ പ്രതിപക്ഷം ഒന്നിച്ചാൽ 25 അംഗങ്ങളുള്ള ഭരണപക്ഷം ന്യൂനപക്ഷമാകും. ഈ വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചത് എൽ.ഡി.എഫിനെ അലോസരപ്പെടുത്തുന്നു. ബി.ജെ.പിയും കോൺഗ്രസും ഒന്നിച്ചാൽ 30 പേരാകും പ്രതിപക്ഷത്ത്. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനും പ്രതിരോധത്തിനുള്ള വഴിക്കും തലപുകയ്ക്കുകയാണ് ഭരണപക്ഷം.

ഇന്നലെ കൗൺസിലിൽ വോട്ടിംഗ് ആവശ്യപ്പെടാൻ പ്രതിപക്ഷം തീരുമാനിച്ചതോടെയാണ് അംഗീകാരം ലഭിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ് യോഗം ആരംഭിച്ച ഉടനെ മേയർ കൗൺസിൽ പിരിച്ചു വിട്ടത്. ഇതേത്തുടർന്നാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ചർച്ചയ്ക്ക് വഴി തുറന്നിട്ട് മാസ്റ്റർ പ്ളാൻ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചന നൽകുന്നുണ്ട് ഭരണപക്ഷം. പ്രതിപക്ഷം വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും മാസ്റ്റർ പ്ളാനിൽ ജനകീയ ചർച്ചയ്ക്കുള്ള വേദി തുറന്ന് പ്രതിരോധിക്കാനാണ് നീക്കമെന്ന സൂചന മേയർ ഇന്നലെ നൽകിയിരുന്നു. അതേസമയം മേയറെ പ്രതിരോധിക്കാൻ മറ്റ് പല കൗൺസിലർമാരും മുന്നോട്ട് വരാത്ത് ഭരണപക്ഷത്തെ ഭിന്നിപ്പായുള്ള വിലയിരുത്തലുമുണ്ട്. എൽ.ഡി.എഫിലെ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയും മാത്രമാണ് കാര്യമായ പ്രതിഷേധം ഉയർത്തുന്നത്. കോൺഗ്രസ് വിമതനായ മേയറുടെ സമീപനത്തിൽ പലപ്പോഴും എൽ.ഡി.എഫിൽ അസ്വസ്ഥതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

രാപ്പകൽ സമരം സമാപിച്ചു

മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ ഹാളിനകത്തും ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിലും നടത്തിയ രാപ്പകൽ സമരം സമാപിച്ചു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയേൽ, സുനിൽ രാജ്, എൻ.എ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച രാവിലെ മുതൽ സമരം ആരംഭിച്ചത്. ബി.ജെ.പിയുടെ സമരത്തിന്റെ സമാപനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. രവികുമാർ ഉപ്പത്ത്, കെ.ആർ. ഹരി , രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത് , പാർലമെന്ററി പാർട്ടി ലീഡർ വിനോദ്, എൻ. പ്രസാദ്, പൂർണ്ണിമ എന്നിവർ സംസാരിച്ചു.

പുറത്തേക്കും സമരം വ്യാപിപ്പിച്ച് പ്രതിപക്ഷം

സമരം പുറത്തേക്കും വ്യാപിപ്പിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീമാനം. രാപ്പകൽ സമരവുമായി കോൺഗ്രസും കഴിഞ്ഞ ദിവസം പ്രതിഷേധ ധർണ്ണയുമായി ബി.ജെ.പി മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരുമുന്നണികളുടെയും തീരുമാനം. അതേസമയം മാസ്റ്റർ പ്ലാനിൽ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന ഒളിച്ചുകളിയും ഒത്തുകളിയും തുറന്നുകാട്ടാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.

Advertisement
Advertisement