മൺസൂൺ ഓപ്പറേഷൻ ഇരുട്ടിൽ

Sunday 29 August 2021 12:16 AM IST

# ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ആലപ്പുഴ: മഴക്കാല മോഷണങ്ങൾ തടയാനുള്ള പൊലീസിന്റെ 'മൺസൂൺ ഓപ്പറേഷൻ' ഇത്തവണ നടപ്പാവില്ല. കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതും കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ച് റോഡുകൾ അടച്ചുതുടങ്ങിയതും ടി.പി.ആർ നിരക്ക് ഉയർന്നതുമാണ് വിലങ്ങുതടിയായത്.

മഴക്കാലത്ത് മോഷണങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുന്നൊരുക്കമായിട്ടാണ് മുൻ വർഷങ്ങളിൽ മൺസൂൺ ഓപ്പറേഷൻ നടപ്പാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയുടെ പലയിടങ്ങളിലും പകലും മോഷണശ്രമം നടന്നിരുന്നു. ശക്തമായ മഴയുള്ള സമയത്ത് വൈദ്യുതി നിലയ്ക്കുന്നതിനാൽ വീട്ടുപരിസരത്ത് നടക്കുന്ന കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. ഇതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്.

ഓരോ സബ്ഡിവിഷൻ തലത്തിലും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ പ്രത്യേകം സ്‌ക്വഡുകളായി തിരിച്ചാണ് പ്രവർത്തനം നടത്തിയിരുന്നത്.

മഴക്കാലത്ത് ശദ്ധിക്കേണ്ടത്
1. പുറത്തേക്കുള്ള വാതിലുകളും ജനലുകളും പൂട്ടി ബലം ഉറപ്പാക്കണം
2. കമ്പിപ്പാര, കോടാലി, പിക്കാസ് തുടങ്ങിയ ആയുധങ്ങൾ പുറത്ത് സൂക്ഷിക്കരുത്
3. കെട്ടിടങ്ങൾക്ക് മേൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം

4. ഏണി, കുതിരബഞ്ച് എന്നിവ വെളിയിൽ സൂക്ഷിക്കരുത്
5. സി.സി ടി.വി കാമറകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണം
6. രാത്രിയിൽ കതകിൽ മുട്ടിയാൽ ആളെ തിരിച്ചറിഞ്ഞശേഷം തുറക്കുക
7. വീടിന് പുറത്ത് ലൈറ്റ് കത്തിച്ചിടണം
8. അപരിചിതരായ കച്ചവടക്കാരെയും ഭിക്ഷാടകരെയും ശ്രദ്ധിക്കണം
9. അപകടഘട്ടങ്ങളിൽ ബന്ധപ്പെടാൻ കഴിയുന്ന അയൽവാസികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, പൊലീസ് സ്റ്റേഷൻ നമ്പരുകൾ കരുതുക
10. ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ബന്ധുവീടുകളിൽ ഏൽപ്പിച്ച ശേഷം യാത്രയ്ക്ക് പോവുക
11. കുടുംബസമേതം യാത്രപോകുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്

''

ജില്ലയിൽ മോഷണങ്ങൾ തടയാൻ പദ്ധതികൾ നടപ്പാക്കിവരുന്നു. മൺസൂൺ ഓപ്പറേഷൻ ഇത്തവണ ഉണ്ടാകില്ല. എന്നാൽ പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാണ്. ജനകീയ പങ്കാളിത്തം ഉറപ്പാക്കും.

സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ്, ആലപ്പുഴ

Advertisement
Advertisement