ജോസ് വള്ളൂർ ഡി.സി.സി അദ്ധ്യക്ഷൻ കോൺഗ്രസിനെ നയിക്കാൻ അന്തിക്കാട്ടുകാരൻ

Sunday 29 August 2021 12:04 AM IST

തൃശൂർ : കോൺഗ്രസിനെ നയിക്കാൻ ഇനി ജോസ് വള്ളൂരെന്ന അന്തിക്കാട്ടുക്കാരൻ. പ്രമുഖരായ പല നേതാക്കളുടെയും പേരുകൾ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അവസാനം ജോസ് വള്ളൂരിനാണ് നറുക്ക് വീണത്. മുതിർന്ന നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, ടി.യു. രാധാകൃഷ്ണൻ എന്നീ പേരുകളാണ് പ്രധാനമായും ആദ്യഘട്ടം മുതൽ പരിഗണിച്ചത്.

ലീഡർ കെ. കരുണാകരൻ, സി.എൻ. ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ അനുയായിയായ ജോസ് മൂന്ന് പതിറ്റാണ്ടിലേറെയായി തൃശൂരിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പരിചിതമായ മുഖമാണ്. കോൺഗ്രസ് പ്രവർത്തകരുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്.

അന്തിക്കാട് സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി. 2003 മുതൽ കെ.പി.സി.സി അംഗമായിരുന്ന ജോസ് ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. ഒട്ടനവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. കർഷകർക്ക് പട്ടയം ലഭിക്കാനുള്ള പ്രക്ഷോഭം, കുതിരാനിലെ ദേശീയപാതയുമായി ബന്ധപ്പെട്ട സമരങ്ങൾ, കാർഷിക സർവ്വകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയുള്ള പോരാട്ടം, പാലിയേക്കര ടോൾ, അതിരപ്പിള്ളി പരിസ്ഥിതി പ്രശ്‌നങ്ങൾ, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, തൃശൂർ കാഞ്ഞാണി വാടാനപ്പിള്ളി സംസ്ഥാന ഹൈവേ, മലക്കപ്പാറ ടീ എസ്റ്റേറ്റ് തൊഴിലാളികളുടെ അതിജീവനം തുടങ്ങിയ അനിവാര്യമായ സമരമുന്നേറ്റങ്ങളിൽ പങ്കാളിയായി.

രാജീവ് ഗാന്ധി പഠനകേന്ദ്രം സ്ഥാപക ചെയർമാൻ, ജില്ലാ വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി പ്രസിഡന്റ്, അളഗപ്പ സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി വർക്കേഴ്‌സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. പിതാവ്: പരേതനായ സി.ഐ. ആന്റണി, അമ്മ: മറിയാമ്മ. ഭാര്യ: ബീന. മകൾ: ആൻ ജോസ്.