മൂന്ന് മാസമായി ആദിവാസിമേഖലയിൽ കാട്ടുപോത്തുകളുടെ വിളയാട്ടം കാട് കയറാതെ കാട്ടുപോത്തുകൾ ഒരാൾകൂടി കൊല്ലപ്പെട്ടു....

Sunday 29 August 2021 12:06 AM IST

വിതുര: കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മാസമായി ആദിവാസിമേഖലകളിലും നാട്ടിൻ പുറങ്ങളിലും കാട്ടുപോത്തുകളുടെ വിളയാട്ടമാണ്. ഇതോടെ സ്വന്തം വീട്ടിൽ നിന്ന് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.നിലവിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരണപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നിരവധിതവണ അധികൃതരോട് ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞിട്ടും നാട്ടിൽ വിഹരിക്കുന്ന വന്യമൃഗങ്ങളെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. കാടുവിട്ടിറങ്ങുന്ന കാട്ടാനയും കാട്ടുപോത്തും പന്നികളും കരടിയുമെല്ലാം അവരുടെ സ്വൈര‌വിഹാരം തുടരുകയാണ്. ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ പിടികൂടണമെന്ന ആവശ്യത്തിന് നേരെ അധികാരികൾ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.കാട്ടുപോത്തുകൾ വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്.വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ റബർഎസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്.

കാട്ടുപോത്തിന്റെ ശല്യം നിമിത്തം പകൽപോലും പുറത്തിറങ്ങാൻ പേടിയാണ്. നാട്ടിലിറങ്ങി ഭീതിപരത്തുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് മടക്കി അയയ്ക്കാൻ വേണ്ടുന്ന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആക്രമണത്തിൽ മരണം

പറണ്ടോട് മൂന്നാറ്റുമുക്ക് മേഖലയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടയാൾ കാട്ടുപോത്തിന്റെ ആക്രമണത്തെതുടർന്നാണെന്ന് സ്ഥിരീകരിച്ചു. പറണ്ടോട് മലയന്തേരി തടത്തരികത്ത് വീട്ടിൽ ഷാഹുൽഹമീദ് (55) ആണ് മരിച്ചത്. ഈറ്റ ശേഖരിക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. മൂന്നാറ്റുമുക്ക് മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണ്.തിരുവോണനാളിൽ തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട്,ചെരുപ്പാണി,വിനോബാനികേതൻ,തേക്കിൻകൂപ്പ് മേഖലയിൽ ഇറങ്ങി ഭീതി പരത്തുകയും അനവധി പേരേ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത കാട്ടുപോത്തിനെ വനപാലകരും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് ഓടിച്ചുവിട്ടിരുന്നു. നന്ദിയോട് പഞ്ചായത്തിലെ കാലങ്കാവ് മേഖലയിലും കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

നാട് വിറപ്പിച്ച്

വിതുര പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കാട്ടുപോത്തുകൾ വിഹരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി. ഒന്നരമാസം മുൻപ് വിതുര പൊന്നാംചുണ്ട് മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ പിടിച്ചുകെട്ടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കാട്ടുപോത്തിന്റെ ആക്രമണം ഭയന്ന് നാട്ടുകാർ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥ. ഇപ്പോൾ വിതുര, ഗണപതിയാംകോട് തേവിയോട്, മണിതൂക്കി, വാ‌ർഡുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കാട്ടുപോത്ത് ഭീതി പരത്തി വിഹരിക്കുന്നത്.

ആക്രമണം അനവധി

1....ആദിവാസിമേഖലയിൽ സ്കൂൾ കുട്ടികൾക്ക് നേരെ

കാട്ടുപോത്തിന്റെ ആക്രമണം.അന്ന് കുട്ടികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

2......ആനപ്പാറ ചിറ്റാറിന് സമീപം തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു.

3....ബോണക്കാട്, കല്ലാർ ആദിവാസി മേഖലകളിൽ കാട്ടുപോത്തിന്റെ ആക്രമണം.

രണ്ട് മരണം.

4.....വിതുര-പൊന്നാംചുണ്ട്-തെന്നൂർ മേഖലയിൽ പട്ടാപ്പകൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് പേരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Advertisement
Advertisement