റോബർട്ട് എഫ് കെന്നഡിയുടെ ഘാതകന് 50 വർഷത്തിന് ശേഷം പരോൾ

Sunday 29 August 2021 12:45 AM IST

കാലിഫോർണിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും ന്യൂയോർക്കിൽ നിന്നുള്ള യു.എസ് സെനറ്ററുമായിരുന്ന റോബർട്ട് എഫ് കെന്നഡിയെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന എഴുപത്തിയെട്ടു വയസുകാരനായ പ്രതി സിർഹനിന് 50 വർഷത്തിനു ശേഷം ആദ്യമായി പരോൾ അനുവദിച്ചു. ഇതിന് മുൻപ് 16 തവണ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച ചേർന്ന കാലിഫോർണിയ പരോൾ ബോർഡാണ് ഇത്തവണ പരോൾ അനുവദിച്ചത്. റോബർട്ട് എഫ് കെന്നഡിയുടെ മക്കളായ ഡഗ്ലസ് കൊണ്ടായിയും റോബർട്ട് എഫ് കെന്നഡി ജൂനിയറും ഇയാൾക്ക് ജയിൽ മോചനം നൽകണമെന്ന് ആവശ്യപ്പെട്ട് പരൊൾ ബോർഡിനെ സമീപിച്ചിരുന്നു.പരോൾ ബോർഡിന്റെ തീരുമാനം 90 ദിവസത്തിനകം ഗവർണ്ണറുടെ തീരുമാനത്തിന് അയക്കും. ശിക്ഷ ഒഴിവാക്കി സ്ഥിരമായി ജയിൽ മോചനം നൽകണോ എന്നത് ഗവർണ്ണർ തീരുമാനിക്കും.

ലോസ് ആഞ്ചൽസ് ഹോട്ടലിൽ വെച്ചാണ് റോബർട്ട് എഫ് കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. ജോൺ എഫ്. കെന്നഡി വെടിയേറ്റു മരിച്ചശേഷം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ റോബർട്ട് വിജയിച്ചിരുന്നു. ഇതിന് ശേഷം വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ ഹോട്ടലിൽ എത്തിയ കെന്നഡിയ്ക്ക് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു.

Advertisement
Advertisement