കൊവിഡിൽ തട്ടിയുട‌ഞ്ഞ് മുട്ടവിപണി

Monday 30 August 2021 12:00 AM IST

കോട്ടയം: കൊവിഡിനെത്തുടർന്ന് കച്ചവടത്തിലും വിലയിലും വൻ ഇടിവുണ്ടായതോടെ മുട്ട വിപണി കിതയ്‌ക്കുകയാണ്. തട്ടുകടകൾ പ്രവർത്തിക്കുന്നില്ലാത്തതും ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതും സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കാത്തതുമാണ് മുട്ടവിപണിയിൽ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.

ഇടക്കാലത്ത് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന മുട്ടയ്‌ക്ക് ആറു രൂപ വരെ വില ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ ഹോൾ സെയിൽ വില 4.60 രൂപയായും റീട്ടെയിൽ വില അഞ്ചു രൂപയായും കുറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വലിയ കോഴിമുട്ടയ്‌ക്കാണ് ഈ വില. നാടൻ കോഴിമുട്ടയുടെ വില നേരത്തെ എട്ടു രൂപ വരെ എത്തിയത് ഇപ്പോൾ ആറു രൂപയായി. ചെറിയ താറാവുമുട്ടയ്‌ക്ക് അഞ്ചു രൂപയും വലുതിന് എട്ടു രൂപയുമാണ് വില.

ഉത്‌പാദനം കൂടി

തമിഴ്‌നാട്ടിൽ മുട്ട ഉത്‌പാദനം കൂടിയതാണ് വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഉപയോഗം വലിയ തോതിൽ കുറയുകയും ചെയ്തു. നേരത്തെ കോട്ടയം മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഒരു കടയിൽ മാത്രം പതിനായിരത്തോളം മുട്ടകൾ ഒരു ദിവസം വിറ്റിരുന്നു. കൊവിഡ‌് രൂക്ഷമായതോടെ വിൽപ്പന അയ്യായിരത്തിൽ താഴെയായി. സ്‌കൂളുകളും കോളേജുകളും പ്രവർത്തിച്ചിരുന്നപ്പോൾ ഉച്ച ഭക്ഷണത്തിനൊപ്പം കൊടുത്തുവിടാൻ എളുപ്പമെന്ന നിലയ്ക്ക് വീട്ടുകാർ മുട്ട കാര്യമായി വാങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ വഴിക്കുള്ള കച്ചവടവും കുറഞ്ഞു. തട്ടുകടകളിലും പ്രധാന ഭക്ഷണം ഓംലെറ്റായിരുന്നു. ഒരു ദിവസം 300 ഓംലറ്റ് വരെ വിൽപ്പന നടത്തിയിരുന്ന തട്ടുകടകൾ ജില്ലയിലുണ്ടായിരുന്നതാണ്. എല്ലാം കൊവിഡ് തകർത്തു.

'അഞ്ചു രൂപ' താറാവുമുട്ട

അഞ്ചു രൂപയുടെ ചെറിയ താറാവുമുട്ടയും വിപണിയിലുണ്ട്. ഈ മുട്ടയിൽ കൃത്രിമമൊന്നുമില്ലെന്ന് കച്ചവടക്കാർ പറയുന്നു. അഞ്ചു മാസം പ്രായമാകുമ്പോഴേ താറാവ് മുട്ടയിട്ടു തുടങ്ങും. ആദ്യം ഇടുന്ന മുട്ടകൾ ചെറുതായിരിക്കും. മുൻപ് ഈ മുട്ടകൾ വിൽപ്പനയ്‌ക്ക് വച്ചിരുന്നില്ല. ഇപ്പോൾ ഇതും വിൽപ്പനയ്ക്കുണ്ട്. ഇതിൽ എല്ലാം നല്ലതായിരിക്കുമെന്ന് ഉറപ്പില്ലെന്നും കച്ചവടക്കാർ വിശദീകരിക്കുന്നു.

'കൊവിഡ് ഭീതി തുടരുന്നത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടകൾ അടച്ചിടുന്നത് അശാസ്ത്രീയമായാണ്. കട തുറക്കുമ്പോൾ ആളുകൾ ഒന്നിച്ചെത്തും. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നു.'

ടി.കെ സജീവ്, ജില്ലാ ട്രഷറർ

എഗ്‌ മർച്ചൻ്റ്സ് അസോസിയേഷൻ

Advertisement
Advertisement