പ്രതീക്ഷയോടെ സഞ്ചാരികളെ കാത്ത്, നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രം തുറന്നു

Monday 30 August 2021 5:06 AM IST

ബോട്ട് സവാരിയില്ലാത്തത് സഞ്ചാരികൾക്ക് നിരാശ

കാട്ടാക്കട: കൊവിഡ് കാരണം ഏറെക്കാലത്തെ അടച്ചിടലിന് ശേഷം തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാം സഞ്ചാരികൾക്കായി തുറന്നു. ഇതോടെ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി. ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.

സ്ത്രീകളും കുട്ടികളുമടക്കും എത്തുന്ന സഞ്ചാരികൾ നെയ്യാർഡാമിൽ ബോട്ടുസവാരി തുടങ്ങാത്തതിനാൽ നിരാശരായിട്ടാണ് മടങ്ങുന്നത്. ഇവിടെയെത്തുന്നവർ മണിക്കൂറുകളാണ് നെയ്യാർഡാമിലും പരിസരങ്ങളിലുമായി ചിലവിടുന്നത്.

വനം വകുപ്പിന്റെ ലയൺ സഫാരി പാർക്കിലേക്കുള്ള യാത്രയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. എന്നാൽ ലയൺ സഫാരി പാർക്കിലെ സിംഹങ്ങൾ എല്ലാം ചത്തൊടുങ്ങിയതോടെ ലയൺ സഫാരി പാർക്കെന്ന പേര് പോലും മാറ്റേണ്ടിവരുമോ എന്ന ആശങ്കയും സഞ്ചാരികൾക്കുണ്ട്.
കൊവിഡ് അറിയിപ്പുകൾ ഉണ്ടായിട്ടും നൂറുകണക്കിനാളുകളാണ് നെയ്യാർഡാം സന്ദർശിക്കാനെത്തുന്നത്.

കൊവിഡ് വാക്സിൻ എടുക്കാത്തവരെയും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താത്തവർക്കും ഡാമിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. കർശന പരിശോധനകളോടെയാണ് സഞ്ചാരികളെ ഡാമിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കൊവിഡ് കാരണം അടച്ചിട്ടുന്ന വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് എത്തി തുടങ്ങിയതോടെ പ്രവേശന ഫീസിനത്തിൽ ഇവിടത്തെ വരുമാനവും വർദ്ധിക്കും.

ഇവിടെ കാണാനുള്ളത്

മാൻ ഉദ്യാനം

സ്റ്റീവ് ഇർവിൻ സ്മാരക ചീങ്കണി വളർത്തൽ കേന്ദ്രം

ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം

തടാക ഉദ്യാനം

നീന്തൽക്കുളം

ശുദ്ധജല അക്വാറിയം

കുട്ടികളുടെ ഉദ്യാനം

ബോട്ട് സവാരിയില്ല

നെയ്യാർ ഡാമിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് ഡാം റിസർവോയറിന്റെ ഓളപ്പരപ്പിലൂടെയുള്ള ബോട്ട് യാത്രയാണ്. വനം വകുപ്പും ഡി.ടി.പി.സിയുമാണ് ബോട്ട് സവാരി നടത്തുന്നത്. സഞ്ചാരി കേന്ദ്രം തുറന്നെങ്കിലും ബോട്ടുയാത്ര ഇതേവരെ തുടങ്ങിയിട്ടില്ല.

വാക്സിൻ സ്വീകരിക്കാത്തവരെയും ആർ.ടി.പി.സി.ആർ പരിശോധന ഫലമില്ലാത്തവരെയും വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. കർശന നിയന്ത്രണങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് മാത്രമെ സന്ദർശകരെ നെയ്യാർഡാമിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

പി.എസ്. വിനോദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നെയ്യാർ ഡാം

Advertisement
Advertisement