ലോക്ക്‌ഡൗൺ മറവിൽ ടോൾ പിരിവ്; തിരുവല്ലത്ത് വീണ്ടും പ്രതിഷേധം

Monday 30 August 2021 12:00 AM IST

തിരുവനന്തപുരം: സമ്പൂർണ ലോക്ക്‌ഡൗണിനെ തുടർന്ന് രാഷ്‌ട്രീയപാർട്ടികൾ ടോൾ പ്ലാസയ്‌ക്ക് മുന്നിൽ സമരം നടത്താത്തത് അവസരമാക്കി വീണ്ടും ടോൾ പിരിക്കാൻ ദേശീയപാതാ അതോറിട്ടി. രാവിലെ മുതൽ അധികൃതർ ടോൾ പിരിക്കാൻ തുടങ്ങിയത് സംഘർഷത്തിനിടയാക്കി. തദ്ദേശവാസികളായ പലരും ടോൾ കൊടുക്കാൻ വിസമ്മതിച്ചതോടെ ടോൾ പ്ലാസയിലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ ടോൾ പിരിക്കുന്ന വിവരം നാട്ടുകാരിൽ ചിലർ അറിയിച്ചതോടെ സി.പി.എം, സി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായി സംഭവസ്ഥലത്തെത്തി. പ്രതിഷേധം കടുത്തതോടെ ടോൾ പിരിക്കാനുളള ശ്രമം ജീവനക്കാർ ഉപേക്ഷിച്ചു. ഫാസ് ടാഗ് വഴിയുളള പിരിവും ഇവർ തടഞ്ഞു. ശനിയാഴ്‌ച നടന്ന സർവകക്ഷി യോഗം പരാജയപ്പെട്ടതോടെ ടോൾ പ്ലാസയ്‌ക്ക് മുന്നിലെ സമരം കടുപ്പിക്കാനായിരുന്നു വിവിധ രാഷ്‌ട്രീയപാർട്ടികളുടെ തീരുമാനം. എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ കാരണം ഇന്നലെ കാര്യമായ പ്രതിഷേധമൊന്നും നടന്നില്ല. ഇന്ന് മുതൽ സമരം ശക്തമാക്കാനാണ് എല്ലാ കക്ഷികളുടേയും തീരുമാനം.

 ഹൈവേ മാർച്ച് ഇന്ന്

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോവളത്ത് നിന്ന് വിഴിഞ്ഞത്തേക്ക് ഇന്ന് ഹൈവേ മാർച്ച് സംഘടിപ്പിക്കും. വൈകുന്നേരം മൂന്നിന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ച് എം. വിൻസെന്റ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവല്ലം ടോൾ പ്ലാസയ്‌ക്ക് മുന്നിൽ മാർച്ചിന്റെ സമാപനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement