കഷ്ടപ്പാടിലെ സ്വപ്നം ഇനി ഡോ. അഞ്ചുവിന് സ്വന്തം

Monday 30 August 2021 12:23 AM IST

കുറ്റിച്ചൽ: അഞ്ചുവിന്റെ അച്ഛന് കഷ്ടപ്പാടിൽ തീർത്ത ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ സാഫല്യമാണ് ഡോ. അ‌ഞ്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യവന മേഖലയ്‌ക്ക് താഴെയുള്ള കോട്ടൂർ - കാപ്പുകാട്‌ റോഡരികത്ത് വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ തങ്കയ്യൻ - ഉഷ ദമ്പതികളുടെ മകൾ അഞ്ചുവാണ് എം.ബി.ബി.എസ്‌ പഠനം പൂർത്തിയാക്കി അച്ഛന്റെ സ്വപ്നം സഫലമാക്കിയത്.

2016ലാണ് മലപ്പുറം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചത്. കുട്ടിക്കാലം മുതൽ പഠിത്തത്തിൽ മിടുക്കിയായിരുന്നു അഞ്ചു. നല്ല മാർക്കോടെ പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ എൻട്രസ് പരീക്ഷയെഴുതുമ്പോഴും മെരിറ്റ് സീറ്റിൽ അഡ്മിഷൻ വേണമെന്നായിരുന്നു വാശി. തുടർന്ന് മെരിറ്റ് സീറ്റിൽ അഞ്ചുവിന് അഡ്മിഷനും കിട്ടി. പിന്നെയുള്ള അഞ്ചു വ‌ർഷം തങ്കയ്യന് അദ്ധ്വാനത്തിന്റെ ദിനങ്ങളായിരുന്നു. അതിനൊടുവിലാണ് മകൾ മെഡിസിൻ പഠനം പൂർത്തിയാക്കുന്നത്.

 ടാപ്പിംഗിനിടെ നെയ്ത സ്വപ്നം

രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടൂരിലെ റബർ ടാപ്പിംഗ് തൊഴിലാളിയാണ് അഞ്ചുവിന്റെ പിതാവ് തങ്കയ്യൻ. തന്റെ ചെറിയ വരുമാനത്തിലൂടെ തങ്കയ്യൻ മകൾക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകി. സാമ്പത്തികമായി ഞെരുങ്ങുമ്പോഴും മകൾ ഡോക്ടറാകുമ്പോൾ തങ്ങളുടെ കഷ്ടപ്പാടുകൾ നീങ്ങുമെന്ന വിശ്വാസത്തിലാണീ കുടുംബം.

ഒന്ന് മുതൽ ഏഴുവരെ കോട്ടൂർ ഗവ. യു.പി സ്‌കൂളിലും, എട്ട് മുതൽ പത്തു വരെ കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം മീഡിയത്തിലുമായിരുന്നു അഞ്ചുവിന്റെ പഠനം. തുടർന്ന് കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. സാധാരണക്കാരനും ഉന്നത വിദ്യാഭ്യാസമേഖല ബാലികേറാമലയല്ലന്ന് തെളിയിക്കുകയാണ് അഞ്ചുവിന്റെ ജീവിതം.

Advertisement
Advertisement