വിമാനത്താവളം ഏറ്റെടുക്കാൻ അതിവേഗനീക്കവുമായി അദാനി

Monday 30 August 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ എതിർപ്പ് തുടരുമ്പോഴും തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി അദാനിഗ്രൂപ്പ്. 50 വർഷത്തേക്കുള്ള നടത്തിപ്പ് അദാനി ഗ്രൂപ്പിനാണെങ്കിലും കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ നാവിഗേഷൻ സർവൈലൻസ് തുടങ്ങിയ സേവനങ്ങൾ എയർപോർട്ട് അതോറിട്ടിയും കേന്ദ്ര വ്യോമയാന മന്ത്രാലയവുമാണ് നൽകുന്നത്. ഈ സേവനങ്ങൾക്കുള്ള ധാരണാപത്രം വ്യോമയാന മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചു. ഒക്ടോബർ 18ന് നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.

നടത്തിപ്പ്,പരിപാലനം,വികസനം,ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുന്നത്. ആരോഗ്യസേവനങ്ങൾ, കാലാവസ്ഥാ നിരീക്ഷണം, ചെടികളെയും ജീവികളെയും സംരക്ഷിക്കൽ എന്നിവയെല്ലാം കേന്ദ്രത്തിന്റെ ചുമതലയിൽ തുടരും. ഇതിനുള്ള ധാരണാപത്രമാണ് വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി റുബീന അലിയും അദാനി എന്റർപ്രൈസസ് സീനിയർ വൈസ് പ്രസിഡന്റ് പരീക്ഷത് കൗളും ഒപ്പുവച്ചത്. ലേലത്തിൽ പിടിച്ച തിരുവനന്തപുരം, ലക്നൗ, അഹമ്മദാബാദ്, ജയ്‌പൂർ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളിൽ ലക്നൗ, അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങൾ കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി അദാനി ഏറ്റെടുത്തിരുന്നു. എയർപോർട്ട് അതോറി​റ്റിയുമായുള്ള കരാർ പ്രകാരം ജൂലായിൽ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം കാലാവധി നീട്ടിക്കിട്ടുകയായിരുന്നു. അതേസമയം വൈദ്യുതി, കുടിവെള്ളം, റോഡ് സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾക്കായി സംസ്ഥാന സർക്കാർ അദാനിയുമായി കരാറൊപ്പിടേണ്ടതുണ്ട്. അദാനിയുമായി സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് ഒപ്പിടില്ലെന്നാണ് സർക്കാർ നിലപാട്. 55,000ചതുരശ്രഅടി വിസ്തൃതിയിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ സർക്കാർ 18.30 ഏക്കർ ഭൂമിയേറ്റെടുത്ത് അദാനിക്ക് കൈമാറണം. ഭൂമിയേറ്റെടുക്കാൻ നേരത്തേ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അദാനിക്കായി ഭൂമിയേറ്റെടുക്കില്ലെന്ന നിലപാടിലാണ് സർക്കാ‌ർ.

 തീരുമാനം മാറ്റാതെ സർക്കാർ

വിമാനത്താവളം അദാനിക്ക് കൈമാറിയാൽ തുടർനടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കരാറൊപ്പിട്ടതിനെതിരെ സംസ്ഥാനസർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിലുണ്ട്.

ഏറ്റെടുക്കൽ ഇങ്ങനെ

 വിമാനത്താവളത്തിന്റെ ഭരണനിർവഹണമാവും ആദ്യം ഏറ്റെടുക്കുക.

ഇതിനായി അദാനി ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരത്തുണ്ട്.

 വിമാനത്താവളത്തിന്റെ ആസ്തികളുടെ കണക്കെടുപ്പ്

അദാനിഗ്രൂപ്പ് പൂർത്തിയാക്കി

 വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി

ഫ്ലൈമിങ്‌ഗോയെ ചുമതലപ്പെടുത്തിയേക്കും.

 വിമാനത്താവള ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്ക് പരിചയസമ്പന്നരായ

വിദേശകമ്പനിയെ ചുമതലപ്പെടുത്തും

Advertisement
Advertisement