വീട്ടുമുറ്റങ്ങൾ വൃന്ദാവനമായി ,​ കണ്ണിലുണ്ണികളായി ഉണ്ണിക്കണ്ണൻമാർ

Tuesday 31 August 2021 12:00 AM IST

കോട്ടയം: വീട്ടുമുറ്റങ്ങൾ വൃന്ദാവനമാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉണ്ണിക്കണ്ണൻമാരും ഗോപികമാരുമായി കുരുന്നുകൾ വേഷമിട്ടു . കൃഷ്ണ പൂക്കളം, കൃഷ്ണനൂട്ട്, കൃഷ്ണകുടീരം, ഗോപൂജ, വൃക്ഷ പൂജ, ഉറിയടി, ഭജന എന്നിവയും നടന്നു. കൊവിഡ് സാഹചര്യത്തിൽ മഹാശോഭായാത്രകൾ ഇല്ലാതെ ഏതാനും വീടുകൾ മാത്രം ഉൾക്കൊള്ളിച്ചുള്ള ആഘോഷങ്ങളാണ് ഇത്തവണ ക്രമീകരിച്ചത്. ജില്ലയിൽ 1000 കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം വേഷങ്ങൾ കെട്ടിയ കുട്ടികൾ അമ്പാടി മുറ്റത്തു ഒത്തുകൂടി. അഞ്ചു മുതൽ പത്തു വരെയുള്ള ഭവനങ്ങൾ ഒത്തു ചേർന്നു തയാറാക്കിയ അമ്പാടിമുറ്റത്തായിരുന്നു ആഘോഷങ്ങൾ. സമീപത്തുള്ള വീടുകളിലെ കുട്ടികൾ കൃഷ്ണ,ഗോപികാവേഷങ്ങൾ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് എത്തി ആഘോഷങ്ങളിൽ പങ്കാളികളായി. കൊവിഡ് മാനദണ്ഡങ്ങൾപാലിച്ചു നടത്തിയ ആഘോഷങ്ങളിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തർ പങ്കെടുത്തു.

Advertisement
Advertisement