സംസ്ഥാന കോൺഗ്രസിലെ രാസമാറ്റം

Tuesday 31 August 2021 12:10 AM IST

സംസ്ഥാന കോൺഗ്രസിൽ പുതിയ രാസമാറ്റം സംഭവിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവിക്കുന്നതിനാൽ, പുതിയ 'ഡെൽറ്റാ പൊളിറ്റിക്കൽ വേരിയന്റ് ' സംസ്ഥാന കോൺഗ്രസിൽ പിടിമുറുക്കുന്നുവെന്ന് നമുക്ക് സങ്കല്പിക്കാം. ഈ വേരിയന്റ് സർവപ്രതാപികളായിരുന്ന ചില 'വാരിയർ'മാരെ തളർത്തിക്കളഞ്ഞേക്കാം. അങ്ങനെ തളർന്നുപോകുന്നവരുടെ അസ്വസ്ഥതകളെ ഏതെങ്കിലും വാക്സിൻഡോസ് കൊണ്ട് തടുത്തുനിറുത്താമെന്ന് കരുതാനാവില്ല.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിൽ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തുമ്പോൾ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുക: "വലിയ പ്രളയത്തെ തടുത്തുനിറുത്താൻ വെറുതെ ശ്രമിച്ചിട്ട് കാര്യമില്ല."

കോൺഗ്രസ് എപ്പോഴും ഒരു അത്‌ഭുത പ്രതിഭാസമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം അറിഞ്ഞാസ്വദിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് പുറത്തുനിന്ന് നോക്കുന്ന പലർക്കും തോന്നിപ്പോകാറുണ്ട്. ജനാധിപത്യ സ്വാതന്ത്ര്യം കൂടിപ്പോയതിന്റെ കുഴപ്പമേ ആ പാർട്ടിയിലുള്ളൂ എന്നും ചിലപ്പോൾ തോന്നിപ്പോകും. സംഘടനാ തിരഞ്ഞെടുപ്പില്ലാത്ത പാർട്ടിയെന്നൊക്കെ എതിരാളികൾ പരിഹസിക്കും. സംഘടനാ തിരഞ്ഞെടുപ്പില്ലാതെ തന്നെ സംഘട്ടനങ്ങളും സംയോഗങ്ങളും കൊണ്ട് മുഖരിതമാകുന്ന പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസല്ലാതെ മറ്റേതുണ്ട്, ഈ ഭൂമുഖത്ത് !

അതവിടെ നിൽക്കട്ടെ. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് വരാം. അവിടെയിപ്പോൾ വലിയ മാറ്റങ്ങളുടെ പടഹധ്വനി മുഴങ്ങുന്നു. എല്ലാത്തിനും ഹേതുവായത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ അടിമുടി അഴിച്ചുപണിയാനുള്ള ധൈര്യം ഹൈക്കമാൻഡ് കാട്ടി. എതിരാളികളായ ഇടതുമുന്നണിക്ക് തുടർഭരണം സാദ്ധ്യമാക്കും വിധം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് തിരിച്ചടി നേരിട്ടതാണ് ഇങ്ങനെയൊരു ധീരമായ നീക്കത്തിന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് നിസംശയം പറയാം. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും പോലെ, കേരളത്തിൽ അറച്ചുനിൽക്കേണ്ട സാഹചര്യം ഹൈക്കമാൻഡിന് ഉണ്ടാകുന്നില്ല. കാരണം, ഇവിടെ ഒതുക്കപ്പെടുന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ ചേക്കേറുമെന്ന ഭയം അഖിലേന്ത്യാ നേതൃത്വത്തെ അലട്ടുന്നില്ല. കേരളത്തിലെ രാഷ്ട്രീയം ഒന്നു വേറെയാണ്. കോൺഗ്രസിന് ഇവിടെ ഇപ്പോഴും അടിത്തറയിൽ ഒരു ചോർച്ചയുണ്ടായിട്ടില്ല.

ഈ ധൈര്യത്തിൽ ഹൈക്കമാൻഡ് നടത്തിയ ശസ്ത്രക്രിയയുടെ തുടർചലനങ്ങളാണ് ഇപ്പോഴത്തെ പൊട്ടലുകളും ചീറ്റലുകളുമെല്ലാമെന്ന് കോൺഗ്രസിനെ നിരീക്ഷിക്കുന്നവർക്കെല്ലാം ബോദ്ധ്യമാകുന്നു. എങ്കിലും നേരത്തേ പറഞ്ഞ പേടിയില്ലായ്മ കാരണം ഹൈക്കമാൻഡിന് ഇതിൽ വലിയ അസ്വസ്ഥതകളൊന്നും ഉണ്ടാകാനിടയില്ല. അതെ, കേരളത്തിലെ കോൺഗ്രസിൽ കൊട്ടാരവിപ്ലവമാണ് അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ടോളം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായി വിരാജിച്ചിരുന്ന രണ്ട് നേതാക്കൾക്ക് അടിതെറ്റുകയാണ്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും. പുതിയ വേരിയന്റുകൾ ഈ ശക്തികളെ തളർത്തുന്ന കാഴ്ച കൗതുകകരമാണ്.

ഉമ്മൻചാണ്ടി - രമേശ് യുഗം വഴിമാറുന്നോ?

സംസ്ഥാന കോൺഗ്രസിന്റെ മുഖമെന്ന് പറയാവുന്നത് അതിലെ കാലങ്ങളായുള്ള രണ്ട് ഗ്രൂപ്പുകളാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അന്തരിച്ച കെ. കരുണാകരനും മുതിർന്ന നേതാവ് എ.കെ. ആന്റണിയും സംസ്ഥാന കോൺഗ്രസിൽ യഥാക്രമം ഐ, എ എന്നീ ഗ്രൂപ്പുകളുമായി ശീതയുദ്ധം നടത്തിയപ്പോഴായിരുന്നു കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം മൂർദ്ധന്യാവസ്ഥയിലെത്തിയത്. ആന്റണിയെന്ന പരിചയ്ക്ക് പിന്നിൽ എ ഗ്രൂപ്പിനായി യുദ്ധം നയിച്ചത് ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും പോലുള്ള ചുറുചുറുക്കുള്ള നേതാക്കന്മാരായിരുന്നു. രമേശ് ചെന്നിത്തലയെയും ജി. കാർത്തികേയനെയും കുറച്ചു കഴിഞ്ഞപ്പോൾ കെ.സി. വേണുഗോപാലിനെയും പോലുള്ളവർ ലീഡർ കരുണാകരന്റെ ശിഷ്യഗണത്തിൽ നിരന്നുവെങ്കിലും ഐ ഗ്രൂപ്പിന്റെ പോര് നേരിട്ട് നയിച്ചത് കരുണാകരൻ തന്നെയായിരുന്നു.

കരുണാകരന്റെ പ്രതാപകാലം തൊണ്ണൂറുകളുടെ രണ്ടാംപകുതിയോടെ അസ്തമിച്ചുതുടങ്ങി. കാർത്തികേയനും രമേശുമൊക്കെ തിരുത്തൽവാദികളായി ലീഡറിൽ നിന്നകന്നുപോയി. രണ്ടായിരാമാണ്ടിൽ ആ റീലിന്റെ ക്ലൈമാക്സ് രംഗങ്ങളായിരുന്നു. എ ഗ്രൂപ്പ് സർവപ്രതാപികളായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം കളംവിട്ട ആന്റണിക്ക് പകരം എ ഗ്രൂപ്പിന്റെ നെടുനായകത്വത്തിലേക്ക് സ്വാഭാവികമായും ഉമ്മൻചാണ്ടിയെത്തി. അപ്പോഴേക്കും കറങ്ങിത്തിരിഞ്ഞ് കെ.പി.സി.സി അദ്ധ്യക്ഷനായി രമേശ് ചെന്നിത്തലയുമെത്തി. ഉമ്മൻ ചാണ്ടിയുടെ പ്രതാപകാലമായിരുന്നു പിന്നീടിങ്ങോട്ട്. കരുണാകരന്റെ അസ്തമയത്തോടെ ശിഥിലമായിപ്പോയ ഐ അനുയായികളെയെല്ലാം ചേർത്തെടുത്തുള്ള വിശാല ഐ ഉണ്ടാക്കി രമേശ് അതിന്റെ തലവനാകാൻ ശ്രമിച്ചു. പിന്നീടിങ്ങോട്ട് കോൺഗ്രസിലെ കാര്യങ്ങൾ പൂർണമായും ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല എന്നിവരാൽ നിയന്ത്രിക്കപ്പെടുന്ന കാഴ്ചയായിരുന്നു. ഗ്രൂപ്പുകളാൽ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ സംസ്ഥാന പാർട്ടിയിൽ സംഘടനാ ദൗർബല്യവുമുണ്ടാക്കിയെന്ന് കോൺഗ്രസിലെ പല നേതാക്കളും അടക്കം പറഞ്ഞിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് കടന്നുകൂടിയതും 2016ലും ഏറ്റവുമൊടുവിൽ 2021ലും തകർന്നടിഞ്ഞതുമെല്ലാം ആ ദൗർബല്യത്തിന്റെ പ്രതിഫലനമായാണ് പലരും വിലയിരുത്തിയത്. പക്ഷേ, നേതാക്കൾ എല്ലാം ഭദ്രമാണെന്ന വിശ്വാസത്തിലായിരുന്നു.

വി.എം. സുധീരനെയും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെയും പരീക്ഷിച്ച് ഗ്രൂപ്പ് വലയത്തിൽ നിന്ന് പാർട്ടിയെ മുക്തമാക്കാൻ നടത്തിയ പരീക്ഷണം വിഫലമായപ്പോഴാണ്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു നിമിത്തമായെത്തിയത്. കിട്ടിയ അവസരം ഫലപ്രദമായി ഹൈക്കമാൻഡ് വിനിയോഗിച്ചതിന്റെ അനന്തരഫലമാണിപ്പോൾ കാണുന്നത്. സംസ്ഥാന കോൺഗ്രസിന്റെ എല്ലാ താക്കോൽസ്ഥാനങ്ങളും തുറക്കാനുള്ള പൂട്ട് തങ്ങൾക്ക് നഷ്ടമാകുന്നുവെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരനുമാണ് ഈ പടക്കുതിരകളെ തളർത്തുന്ന പുതിയ വേരിയന്റുകൾ.

കക്ഷിനേതാവായി സതീശനെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് താത്‌പര്യപ്പെട്ടപ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ മനംമടുത്തവരെല്ലാം അതിനെ പിന്തുണയ്ക്കുകയായിരുന്നു. നിയുക്ത എം.എൽ.എമാർ, എം.പിമാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരെല്ലാം സതീശനെ പിന്തുണയ്ക്കാൻ പോകുന്നുവെന്ന് തിരിച്ചറിയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പാളിച്ച. പിന്നീട് കെ.പി.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലടക്കം ഇരുനേതാക്കളുടെയും പ്രാമാണിത്തം ചോദ്യം ചെയ്യപ്പെടുന്ന നിലയാണ് കാണാനായത്.

ഡി.സി.സി പുന:സംഘടന

ഏറ്റവുമൊടുവിൽ സംസ്ഥാന കോൺഗ്രസിൽ കോളിളക്കമുണ്ടാക്കിയത് ഡി.സി.സി പുന:സംഘടനയാണ്. അതിന്റെ അലയൊലികളാണിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. വലിയ പൊട്ടിത്തെറികളും ചെറിയ ഏറുപടക്കങ്ങളും വരെ ഡി.സി.സി പുന:സംഘടനയെ ചൊല്ലിയുള്ള ചർച്ചകളെ ഹരംകൊള്ളിക്കുന്നുണ്ട്.

സംസ്ഥാന കോൺഗ്രസിന്റെ ചരിത്രത്തിൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധമുള്ള സംഭവവികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പക്ഷേ, വി.ഡി. സതീശൻ- കെ. സുധാകരൻ അച്ചുതണ്ട് ഇതിൽ വേവലാതിപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറുവശം. ആ ധൈര്യം അവർക്ക് നൽകുന്നത് ഹൈക്കമാൻഡിന്റെ, പ്രത്യേകിച്ച് വയനാടിന്റെ എം.പി കൂടിയായ രാഹുൽ ഗാന്ധിയുടെ അകമഴിഞ്ഞ പിന്തുണ തന്നെയാണ്. അത് മുതിർന്ന നേതാക്കളും തിരിച്ചറിയുന്നുണ്ട്.

തന്ത്രപരമായ ചുവടുകളുമായാണ് നേതൃതലത്തിലെ പുതിയ ശാക്തികചേരിയുടെ മുന്നോട്ടുള്ള പോക്ക്. നാലും അഞ്ചും പതിറ്റാണ്ടുകളായി ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ലേബലിൽ, അതിന്റെ പിണിയാളായി അറിയപ്പെട്ടിരുന്നവരെയടക്കം അടർത്തിയെടുത്ത് ഡി.സി.സി അദ്ധ്യക്ഷപട്ടികയിലുൾപ്പെടുത്തുന്ന മിടുക്കും വഴക്കവും പുതിയ നേതാക്കൾ കാട്ടിയപ്പോൾ ഗ്രൂപ്പുകൾ അപ്രസക്തമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായത്.

ഗ്രൂപ്പിനകത്ത് നിന്ന് ഗ്രൂപ്പില്ലാ നേതാക്കളെ ഇഴപിരിച്ചെടുക്കുന്നതിലെ സാമർത്ഥ്യമാണ് കെ. സുധാകരനും വി.ഡി. സതീശനും പ്രകടമാക്കിയത്. അതിന് രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അകമഴിഞ്ഞ പിന്തുണ അവർക്കുറപ്പിക്കാനായതാണ് നേട്ടം.

മുൻകാലങ്ങളിൽ ചർച്ചകളിലും കൂടിയാലോചനകളിലും അകറ്റിനിറുത്തപ്പെട്ടിരുന്ന പി.ജെ. കുര്യനെയും കെ. മുരളീധരനെയുമടക്കം ഉൾക്കൊള്ളുകയും ഗ്രൂപ്പുകൾക്കകത്തെ അസംതൃപ്തരുടെ മനസറിഞ്ഞ് പെരുമാറുകയും എല്ലാവരോടും കൂടിയാലോചന നടത്തുകയെന്ന തന്ത്രപരമായ സമീപനം കൈക്കൊള്ളുകയും ചെയ്ത കെ. സുധാകരൻ - സതീശൻ ദ്വയം ഉമ്മൻചാണ്ടിയും രമേശും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്നുപോയിക്കഴിഞ്ഞു. അതിന്റെ അസ്വസ്ഥതകളാണിപ്പോൾ കോൺഗ്രസിൽ കാണാനാവുന്നത്.

സംഘടനാസംവിധാനത്തെ ചലിപ്പിക്കാനുള്ള നീക്കങ്ങൾ പിന്നാലെയുണ്ടാകുമെന്ന് ഇരുനേതാക്കളും തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാടേ അവഗണിക്കുന്ന നിലയുണ്ടായിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. അവരുമായി ചർച്ച നടത്തി പേരുകൾ ആവശ്യപ്പെട്ടപ്പോൾ ഉമ്മൻചാണ്ടി ഓരോ ജില്ലയിലേക്കും മൂന്നുവീതവും രമേശ് ചെന്നിത്തല രണ്ട് വീതവും പേരുകൾ നൽകിയത്രെ. മുൻ പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിദഗ്ദ്ധമായി കബളിപ്പിച്ച മാതൃക ഗ്രൂപ്പ് മാനേജർമാർ പിന്തുടരുന്നുവെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയായിരുന്നു പുതിയ നേതൃത്വം. മുല്ലപ്പള്ളിക്ക് പുന:സംഘടന നടത്തിയെടുക്കാൻ ഒന്നരവർഷം വേണ്ടിവന്നത് രമേശ് - ചാണ്ടി ദ്വയങ്ങൾ നടത്തിയ ഗ്രൂപ്പ് സമ്മർദ്ദതന്ത്രങ്ങൾ കാരണമായിരുന്നു. പേരുകൾ തിരുത്തിയും നൽകിയും പിന്നെയും തിരുത്തിയുമൊക്കെ നാളുകൾ തള്ളിനീക്കുകയും പരമാവധി പേരെ മോഹിപ്പിച്ച് കൂടെ നിറുത്തി ഗ്രൂപ്പിനെ ശക്തിപ്പെടുത്തുകയുമെന്ന തന്ത്രം ഇക്കുറി ഫലവത്തായിട്ടില്ല എന്നിടത്താണ് പുതിയ നേതൃത്വത്തിന്റെ രാഷ്ട്രീയവിജയമെന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു.

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടി പതിന്നാല് ജില്ലകളിലേക്കും നൽകിയത് എ ഗ്രൂപ്പിൽ നിന്നുള്ളവരുടെ മാത്രം പേരുകളായിരുന്നുവെന്നാണ് ഔദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചത്. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നൊരു നേതാവിന്റെ ഈ ഗ്രൂപ്പ് സങ്കുചിതത്വം ഹൈക്കമാൻഡിന് ബോധിച്ചില്ലത്രെ. രമേശ് ചെന്നിത്തലയുടെ കാര്യവും തഥൈവ. കോട്ടയത്തേക്ക് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച മൂന്ന് പേരുകളിലൊന്നായിരുന്ന ഫെലിക്സ് മാത്യു യാക്കോബായ സമുദായാംഗമായിരുന്നു. ഈ പേരുൾപ്പെടുത്തിയുള്ള പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കും മുമ്പ് പുറത്തായതോടെ, ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിലെ ചിലരെ വിളിച്ച് മറ്റൊരു പേരായ നാട്ടകം സുരേഷിനെ പരിഗണിക്കാനാവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. നേരത്തേ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും താത്‌പര്യപ്പെട്ട പേരായിരുന്നു സുരേഷിന്റേത്. ഉമ്മൻ ചാണ്ടിയും അനുകൂലിച്ചതോടെ അവസാനവട്ട തിരുത്തലിൽ ഫെലിക്സിനെ നീക്കി സുരേഷെത്തി. ആലപ്പുഴയിൽ ബാബു പ്രസാദിനായി രമേശ് ചെന്നിത്തല വാദിച്ചപ്പോൾ, കെ.സി. വേണുഗോപാലാണ് മുതിർന്ന നേതാവായ അദ്ദേഹത്തെ പിണക്കേണ്ടെന്നും അത് പരിഗണിച്ചേക്കാനും നിർദ്ദേശിച്ചത്. വേണുഗോപാൽ മറ്റൊരിടത്തേക്കും പേരുകൾ നിർദ്ദേശിച്ചില്ലെന്നും സംസ്ഥാന നേതാക്കൾ പറയുന്നു. സംസ്ഥാനനേതാക്കൾക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഹൈക്കമാൻഡ് നൽകിയെന്നാണ് അന്ത:പുര വർത്തമാനം.

പുന:സംഘടനയിൽ ക്രൈസ്തവവിഭാഗത്തിന് അഞ്ചുപേരെ കിട്ടിയെങ്കിലും അതിലെ അവാന്തര വിഭാഗങ്ങളായ ലത്തീൻ, യാക്കോബായ, ഓർത്തഡോക്സ് വിഭാഗക്കാരെല്ലാം തഴയപ്പെട്ടിട്ടുണ്ട്. വനിതയോ പട്ടികജാതി -വർഗ പ്രതിനിധികളോ ഒരിടത്തുമില്ല. ഇതൊക്കെ പോരായ്മകളായി മുഴച്ചുനില്പുണ്ട്. പക്ഷേ, മെറിറ്റും സംഘടനാമികവുമാണ് മാനദണ്ഡമെന്ന് അവകാശപ്പെടുന്ന നേതാക്കൾ ഇവരുടെ കഴിവ് കണ്ടറിഞ്ഞോളൂവെന്നാണ് പറയുന്നത്. എറണാകുളത്ത് മുസ്ലിമും മലപ്പുറത്ത് ക്രിസ്ത്യനും ഡി.സി.സി അദ്ധ്യക്ഷന്മാരായെത്തിയത്, ഈ അവകാശവാദങ്ങൾക്ക് ബലമേകുന്നുണ്ട്. സാമുദായിക ഘടനയനുസരിച്ച് അങ്ങനെയാവേണ്ടതല്ല.

ഏതായാലും സംസ്ഥാന കോൺഗ്രസിലെ പുതിയ മാറ്റങ്ങൾ കാണാൻ പോകുന്ന പൂരമെന്ന നിലയിൽ കൗതുകമുണർത്തുന്നുണ്ട്. ആ പൂരം കണ്ടറിയുന്നതാണ് ഭംഗി.

കെ. കരുണാകരനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയവരോട് കാലം കാത്തുവച്ച കാവ്യനീതിയാണോ ഇതൊക്കെയെന്ന് ചോദിച്ചാൽ ജയ്, ഗുരുവായൂരപ്പാ എന്നാണുത്തരമെന്ന് ചില്ലറ കോൺഗ്രസുകാർ അടക്കം പറയുന്നുമുണ്ട്!

Advertisement
Advertisement