നഗരസഭയിൽ തസ്തികമാറി ജോലി ചെയ്യുന്നവരിൽ ശുചീകരണ തൊഴിലാളികളും

Tuesday 31 August 2021 12:00 AM IST

 നഗരത്തിലെ മാലിന്യനീക്കം വെല്ലുവിളി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ജെ.പി.എച്ച് നഴ്സുമാർക്ക് പുറമെ ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നതായി ആക്ഷേപം. രാഷ്ട്രീയ പ്രേരിതമായാണ് ശുചീകരണ തൊഴിലാളികളെ നഗരസസഭയിലെ മെയിൻ ഓഫീസുകളിൽ വിന്യസിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. 100ൽ അധികം തൊഴിലാളികളാണ് ഇത്തരത്തിൽ തസ്തിക മാറി ജോലി ചെയ്യുന്നത്. നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് തസ്തിക, വിവിധ പ്രൊജക്ടുകളുടെ അറ്റൻ‌‌ഡർമാർ, വിവധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ അറ്റൻ‌‌ഡർമാർ, ഹെൽത്ത് വിഭാഗം എന്നിവിടങ്ങളിലാണ് നിലവിൽ ഇവരെ നിയോഗിച്ചിരിക്കുന്നത്. 1300 ശുചീകരണ തൊഴിലാളികളാണ് തിരുവനന്തപുരം നഗരസഭയിലുള്ളത്. നഗരസഭയുടെ കഴിഞ്ഞ വാർഷിക ഭരണ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് 803 സ്ഥിരം തൊഴിലാളികൾ, 398 തുമ്പൂർമുഴി തൊഴിലാളികൾ, 99 താത്കാലിക ജീവനക്കാർ‌ എന്നതാണ് കണക്ക്. രേഖകളിൽ ഇവരുടെ പേരും തസ്തികയും ശുചീകരണ തൊഴിലാളികളെന്നാണ്. എന്നാൽ അവരുടെ ജോലി മേയർ ഓഫീസിലും സോണൽ ഓഫീസിലും മറ്റും മറ്റൊരു തസ്തികയിലാണ്. പി.എസ്.സി വഴി റിപ്പോർട്ട് ചെയ്യപ്പെടേണ്ട ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഒഴിവിൽ പോലും ഇത്തരത്തിലുള്ളവരെ തിരുകിക്കയറ്റിയിരിക്കുന്നെന്നും ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള പരാതികൾ തദ്ദേശ വകുപ്പിൽ എത്തിയെങ്കിലും അവ ഫയലിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിൻബലത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നഗരത്തിലെ മാലിന്യ നീക്കം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്.

 നിലവിൽ നഗരസഭയിലുള്ള ശുചീകരണ തൊഴിലാളികൾ

 ആകെ - 1300 തൊഴിലാളികൾ

 സ്ഥിരം തൊഴിലാളികൾ - 803

 തുമ്പൂർമുഴി തൊഴിലാളികൾ - 398

 താത്കാലിക തൊഴിലാളികൾ - 99

മാലിന്യനീക്കം കാര്യക്ഷമമല്ല

കണ്ടീജന്റ്സ് തൊഴിലാളികളെ ഇത്തരത്തിൽ വിന്യസിച്ചിരിക്കുന്നതിനാൽ നഗരത്തിൽ മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ല. പല വാർഡുകളിലും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇനി 150 താത്കാലിക തൊഴിലാളികളെ കൂടി പുതുതായി നിയമിച്ചാലേ മാലിന്യനീക്കം സുഗമമായി നടത്താൻ സാധിക്കൂവെന്ന് മേയർ ആര്യാ രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ തസ്തികയിലുള്ളവരെ ജോലിക്കിറക്കാതെ പുതിയ തൊഴിലാളികളെ എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

 മാനദണ്ഡങ്ങൾ മാറ്റിനിറുത്തി വിന്യാസം

തൊഴിലാളികളെ തസ്തിക മാറ്റി വിന്യസിക്കുന്നത് അവരുടെ മേലധികാരികളായ ഹെൽത്ത് ഓഫീസറോ ഇൻസ്പെക്ടറോ അറിയുന്നില്ല. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌പേഴ്സൻ, മേയർ എന്നിവർ പോലും ഈ മാറ്റും അറിയുന്നില്ലെന്നത് ചട്ടവിരുദ്ധമാണ്.

Advertisement
Advertisement