കോട്ടയം സ്റ്റാന്റ് വികസനം ആദ്യ ഘട്ടം ജനുവരിയിൽ പൂർത്തിയാക്കും

Wednesday 01 September 2021 12:00 AM IST

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെയും യാഡിന്റെയും ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മന്ത്രി വി.എൻ. വാസവനൊപ്പം ടെർമിനലിന്റെ നിർമാണ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.

ടെർമിനലിന്റെ ആദ്യ ഘട്ടമായി ആറായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. ഇത് ഒന്നര മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്ന കെട്ടിടം രണ്ടാഴ്ച്ചയ്ക്കുള്ളിൽ പൊളിച്ചുമാറ്റും. ജീവനക്കാർക്കായി താത്കാലിക സംവിധാനം ഒരുക്കും. ഇപ്പോൾ ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മൂന്നു നിലകളിൽ ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ യാഡ് നിർമിക്കുന്നത്. ആദ്യ നില ജനുവരിയിൽ പൂർത്തിയാകും.

കെ.എസ്.ആർ.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ രീതി പ്രയോജനപ്പെടുത്തുന്നത് കോട്ടയത്താണ്. നൂതനവും ചെലവു കുറഞ്ഞതുമായ ഈ രീതിയിൽ വേഗത്തിൽ നിര്‍മാണം പൂർത്തീകരിക്കാനുമാകും. ടെർമിനലിന്റെയും യാഡിന്റെയും ആദ്യ ഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ മതില്‍ പൊളിച്ച് സ്ഥലം വിട്ടുകൊടുത്ത് തിയേറ്റർ റോഡിന്റെ വീതി നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാക്കും. കെ.എസ്.ആർ.ടി.സി ഗാരേജിലേക്ക് ബസുകൾ കൊണ്ടുപോകുന്നതിനും ഈ വഴി പ്രയോജനപ്പെടുത്തും. രണ്ടാഴ്ചയിലൊരിക്കൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയത്തിന്റെ ദീർഘനാളായുള്ള കാത്തിരിപ്പാണ് കെ.എസ്.ആര്‍.ടി.സി ബസ് ടെർമിനലിന്റെയും യാഡിന്റെയും നിർമാണത്തിലൂടെ സഫലമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

 എം.ജി റോഡിലേക്ക് ഫ്ലൈ ഓവർ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനത്തിന്റെ രണ്ടാം ഘട്ടമായി എം.ജി റോഡിൽ കേരളകൗമുദി ജംഗ്ഷനിലേക്ക് ഫ്ലൈഓവർ നിമിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്റ്റാൻഡിൽ നിന്ന് എം.സി റോഡ് കിഴക്ക് ഭാഗത്തേക്കുള്ള ബസുകൾ പുതിയ ഫ്ലൈഓവർ വഴിയാകും പോകുക.. ഇത് നഗരത്തിലെ ഗതാഗത കുരുക്കു കുറക്കാൻ സഹായകമാകും

Advertisement
Advertisement