തെലങ്കാനയിൽ മിന്നൽപ്രളയം: നവവധു ഉൾപ്പെടെ 6 മരണം

Wednesday 01 September 2021 12:00 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നവവധുവും എൻജിനീയറും ഉൾപ്പെടെ ഏഴു പേർ മരിച്ചു. വിവാഹാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ നവവധു പ്രവാളിക,വരൻ നവാസ് റെഡ്ഡി എന്നിവരുൾപ്പെടെ ആറ് പേരടങ്ങിയ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രവാളിക, ഭർതൃസഹോദരി ശ്വേത, ശ്വേതയുടെ മകൻ ത്രിനാഥ് റെഡ്ഡി (9) എന്നിവർ ഒഴുകിപ്പോയി. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായില്ല.

വാറങ്കലിൽ സോഫ്റ്റ്‌വെയർ എൻജിനീയർ വെരോം ക്രാന്തികുമാറിന്റെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഓടയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പും കണ്ടെത്തി. അദിലാബാദിൽ മുപ്പതുകാരനായ തൊഴിലാളിയും ശങ്കരപ്പള്ളിയിൽ എഴുപതുകാരനും ഒഴുക്കിൽപ്പെട്ടു മരിച്ചെന്നാണ് റിപ്പോർട്ട്. യദാദ്രി ഭോംഗിർ ജില്ലയിൽ സ്‌കൂട്ടറിൽ പോയ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. മറ്റൊരിടത്ത് ശക്തമായ ഒഴുക്കിൽപ്പെട്ട ബസിൽനിന്ന് 12 യാത്രക്കാരെ രക്ഷിച്ചു. വിവിധ നഗരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.